ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കി നൽകാമെന്നും ജീവിത പ്രശ്‌ന പരിഹാരത്തിന് പൂജയും വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ
ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കി നൽകാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് ഉദുമ സ്വദേശിയായ സ്ത്രീയുടെ പക്കൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ
കാഞ്ഞങ്ങാട്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കി നൽകാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജകൾ നടത്താമെന്നും വിശ്വസിപ്പിച്ച് ഉദുമ സ്വദേശിയായ സ്ത്രീയുടെ പക്കൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിൻസെൻ്റാണ് (49) കാസർകോട് സൈബർ ക്രൈം പൊലിസിന്റെ പിടിയിലായത്.
കൊല്ലം തെന്മലയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. 2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി രണ്ടുവരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രതി, ഫോണിലും വാട്സാപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ട് വിശ്വാസം പിടിച്ചുപറ്റി.
തുടർന്ന് വിവാഹമോചന നടപടികൾ ഹൈക്കോടതി വഴി എളുപ്പത്തിൽ തീർപ്പാക്കി നൽകാമെന്നും നിലവിലുള്ള ജീവിതപ്രശ്നങ്ങൾക്ക് പ്രത്യേക പൂജകൾ നടത്തിയാൽ പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ചു. ഇത് മുഖവിലക്കെടുത്ത യുവതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പലപ്പോഴായി 13,16,731 രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു.
പരാതിയെ തുടർന്ന് കാസർകോട് സൈബർ ക്രൈം പൊലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് തെന്മലയിൽ വച്ച് പ്രതി കുടുങ്ങിയത്. സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് നടത്തുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്കെതിരേ പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.