കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിലെ അന്വേഷണം വേഗത്തിലാക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം

മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് എത്തിയേക്കും.

 

ആശുപത്രിയിലെ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ, വാര്‍ഡുകളുടെ ചുമതലയുളള ജീവനക്കാര്‍ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും.

കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിലെ അന്വേഷണം വേഗത്തിലാക്കാന്‍ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. ഏഴ് ദിവസമാണ് അന്വേഷണം നടത്താന്‍ നല്‍കിയിരിക്കുന്ന സമയം. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളോട് റിപ്പോര്‍ട്ട് തേടി. രക്ഷാപ്രവര്‍ത്തനം, കെട്ടിടത്തിന്റെ അവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ, വാര്‍ഡുകളുടെ ചുമതലയുളള ജീവനക്കാര്‍ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും.


അതേസമയം, മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് എത്തിയേക്കും. കഴിഞ്ഞ ദിവസം കുടുംബവുമായി ഫോണില്‍ സംസാരിച്ച മന്ത്രി, ബിന്ദുവിന്റെ മകള്‍ നവമിയുടെ തുടര്‍ചികിത്സ ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. നവമിയെ നാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. എന്നാല്‍ അപകടം നടന്ന് മൂന്ന് ദിവസമായിട്ടും ആരോഗ്യമന്ത്രി കുടുംബത്തെ കാണാത്തത് ചര്‍ച്ചയാകുന്നുണ്ട്.