ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഡ് ചെയ്ത കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് അശോക് കുമാര്‍ മുമ്പും കൈക്കൂലി കേസില്‍ പ്രതി

എക്‌സൈസ് കമ്മീഷണര്‍ സാംബശിവറാവു ബാറുകളില്‍ നേരിട്ടെത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

 

ബാറുടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഡ് ചെയ്ത കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് അശോക് കുമാര്‍ മുമ്പും കൈക്കൂലി കേസില്‍ പ്രതി. എന്‍ഡിപിഎസ് കേസിലെ പ്രതിയായ യുവാവിനെ ഒഴിവാക്കാന്‍ പ്രതിയുടെ അമ്മയുടെ കൈയില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അശോക് കുമാറിന് ലഭിച്ചിരുന്ന മുഖ്യമന്ത്രിയുടെ മെഡല്‍ തിരിച്ചുവാങ്ങിയിരുന്നു. ബാറുടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. എക്‌സൈസ് കമ്മീഷണര്‍ സാംബശിവറാവു ബാറുകളില്‍ നേരിട്ടെത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.


കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാതെ വന്നപ്പോഴാണ് ചില ബാറുടമകള്‍ തന്നെയാണ് പരാതി നല്‍കിയത്. എക്‌സൈസ് മന്ത്രി എം ലിജുവിനും കമ്മീഷണര്‍ക്കും വാട്‌സ്ആപ്പ് വഴിയും പരാതികള്‍ ലഭിച്ചു. ചങ്ങനാശേരി റേഞ്ചില്‍ സമയപരിധി കടന്നും ബാറുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും പണവും മദ്യവും മറ്റ് ഉപഹാരങ്ങളും വാങ്ങി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നു എന്നുമായിരുന്നു പരാതി. ഇതേ തുടര്‍ന്നാണ് എക്‌സൈസ് കമ്മീഷണര്‍ സാംബശിവറാവു നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങിയത്. കോട്ടയത്തെ തൃക്കൊടിത്താനത്തുള്ള ബാറിലടക്കം കമ്മീഷണര്‍ നേരിട്ടെത്തി മൊഴിയും തെളിവും ശേഖരിച്ചു. ഇടനിലക്കാരന്‍ വഴി ഡെപ്യൂട്ടി കമ്മീഷണര്‍ പണം വാങ്ങുന്നുണ്ടെന്ന് കമ്മീഷണര്‍ കണ്ടെത്തി. പിന്നാലെ ഇടനിലക്കാരന്റെ വീട്ടിലും പരിശോധന നടത്തി. ഇതിനിടെ അശോക് കുമാര്‍ പരിശോധനയെക്കുറിച്ച് പറഞ്ഞ് ഇടനിലക്കാരന്റെ വാട്‌സ്ആപ്പിലേക്കും വിളിച്ചതും തെളിവായി.

സമയപരിധി കടന്നുള്ള കച്ചവടത്തിനും ലൈസന്‍സ് പുതുക്കാനും ഇടനിലക്കാര്‍ വഴി പണം വാങ്ങുന്നുവെന്ന് എക്‌സൈസ് കമ്മീഷണര്‍ കണ്ടെത്തി. നാല് ബാറുകളില്‍ നിന്നായി 55,000 രൂപ ഇടനിലക്കാരന്‍ വഴി ഡെപ്യൂട്ടി കമ്മീഷണര്‍ വാങ്ങുന്നുവെന്ന മൊഴി ലഭിച്ചു. പിന്നാലെ അശോക് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കമ്മീഷണര്‍ ഉത്തരവിടുകയായിരുന്നു. പണവും ഉപഹാരവും മദ്യവും വാങ്ങി ക്രമക്കേടിന് കൂട്ടുനിന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ആറ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തത്.