കൊട്ടിക്കലാശം നാളെ ; മൂന്നാം നാൾ 2.71 കോടി വോട്ടർമാർ ബൂത്തിലേക്ക് 

നിയമസഭ തെരെഞ്ഞടുപ്പിന് മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ പരസ്യപ്രചാരണം അവസാനലാപിൽ. സ്ഥാനാർത്ഥികളുടെ ആവേശകരമായ പ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കും. ബുധനാഴ്ചയിലെ നിശബ്ദ പ്രചാരണത്തിന് ശേഷം

 

 തിരുവനന്തപുരം:  നിയമസഭ തെരെഞ്ഞടുപ്പിന് മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ പരസ്യപ്രചാരണം അവസാനലാപിൽ. സ്ഥാനാർത്ഥികളുടെ ആവേശകരമായ പ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കും. ബുധനാഴ്ചയിലെ നിശബ്ദ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ച കേരളത്തിലെ 2.71 കോടി വോട്ടർമാർ രാഷ്ട്രീയ കേരളത്തിന്‍റെ ഗതിനിർണയിക്കാൻ ബൂത്തിലെത്തും. മേയ് മൂന്ന് വരെ വിധിയെഴുത്ത് സ്ട്രോങ് റൂമിൽ. നാലിന് ആകാംക്ഷയുടെ പെട്ടിപൊട്ടിക്കുന്നതോടെ അഞ്ച് വർഷം കേരളം ആര് ഭരിക്കണമെന്ന ജനവിധി പുറത്തുവരും.

പ്രഖ്യാപനം വന്ന് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തെരഞ്ഞെടുപ്പിലേക്ക് എത്തിയതിനാൽ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും മുൻകാലങ്ങളിൽ ലഭിച്ചത്ര സമയം ഇത്തവണ പ്രചാരണത്തിന് കിട്ടിയിട്ടില്ല. മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങളും പ്രചാരണ ഗോദയിൽ നിറഞ്ഞു. സി.പി.എം -ബി.ജെ.പി ഡീൽ ആരോപണം, എസ്.ഡി.പി.ഐ ബന്ധം, ശബരിമല സ്വർണക്കൊള്ള, പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുടങ്ങിയവ യു.ഡി.എഫ് ആയുധമാക്കി. എന്നാൽ വികസനവും ക്ഷേമവും പറഞ്ഞാണ് എൽ.ഡി.എഫ് തുടങ്ങിയത്. യു.ഡി.എഫ് ഭരണകാലത്തെ ഇരുണ്ടകാലമെന്നും അത് തിരിച്ചുവരരുത് എന്നുമുള്ള പ്രചാരണവും എൽ.ഡി.എഫ് നടത്തി. വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവിന്‍റെ കണക്ക് പുറത്തുവിടാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങളും ഇടതുമുന്നണി ആയുധമാക്കി.