കോന്നിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെമ്പ് പുറത്തുവന്നു, ഇങ്ങനെ കുറച്ച് പ്രസംഗങ്ങൾ നടത്തിയാൽ യു.ഡി.എഫിന് പെട്ടെന്ന് അധികാരത്തിൽ കയറാം : ചെന്നിത്തല
പി.ഡി.പി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രശ്നം കാണാത്തവരാണ് വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് വിവാദമാക്കിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ട് എന്നത് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കാണുമ്പോൾ മനസിലാകും. കോന്നി പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെമ്പ് പുറത്തുവന്നു. പി.ആർ ഏജൻസികൾക്ക് എപ്പോഴും കൂടെ നടക്കാൻ സാധിക്കാത്തതിനാൽ സംഭവിച്ചതാണത്.
കൊല്ലം: പി.ഡി.പി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രശ്നം കാണാത്തവരാണ് വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് വിവാദമാക്കിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ട് എന്നത് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കാണുമ്പോൾ മനസിലാകും. കോന്നി പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചെമ്പ് പുറത്തുവന്നു. പി.ആർ ഏജൻസികൾക്ക് എപ്പോഴും കൂടെ നടക്കാൻ സാധിക്കാത്തതിനാൽ സംഭവിച്ചതാണത്. മുഖ്യമന്ത്രി ഇങ്ങനെ കുറച്ച് പ്രസംഗങ്ങൾ നടത്തിയാൽ യു.ഡി.എഫിന് പെട്ടെന്ന് അധികാരത്തിൽ കയറാൻ സാധിക്കുമെന്നും കൊല്ലത്ത് തെരഞ്ഞെടുപ്പ് സംവാദത്തിൽ അദ്ദേഹം പറഞ്ഞു.
കെ. സുധാകരൻ പാർട്ടിയുടെ സമുന്നതനായ നേതാവാണ്. അദ്ദേഹം തെരഞ്ഞെടുപ്പിൽ സജീവമായുണ്ടാകും. തെരഞ്ഞെടുപ്പ് കമീഷൻ രേഖയിൽ ബി.ജെ.പി സീൽ വന്നത് ഞെട്ടിച്ചു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട കമീഷൻ ഓഫിസിൽ എങ്ങനെ ബി.ജെ.പി സീൽ വന്നുവെന്നത് ദുരൂഹമാണ്. കിഫ്ബിയെ കോൺഗ്രസ് എതിർത്തിട്ടില്ല.
അവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളെയാണ് എതിർത്തത്. കിഫ്ബി എന്ത് അടിസ്ഥാനത്തിലാണ് വ്യക്തികൾക്ക് പരസ്യം നൽകിയത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇതുൾപ്പെടെ എല്ലാ അഴിമതിയും അന്വേഷിക്കും. യു.ഡി.എഫ് 100ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.