കൊല്ലം സ്വദേശിയായ യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

അഞ്ജുവിന്റെ പരാതിയില്‍ ഭര്‍ത്താവ് നന്ദു, അച്ഛന്‍ ദിനേശ്, അമ്മ ജഗദമ്മ എന്നിവര്‍ക്കെതിരേ ചവറ പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു

 

ഭര്‍ത്താവ് നന്ദുവും ഭര്‍തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു അഞ്ജുവിന്റെ പരാതി.

നീണ്ടകര സ്വദേശിയായ യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം നീണ്ടകര സ്വദേശി അഞ്ജുവിനെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.


ഭര്‍ത്താവ് നന്ദുവും ഭര്‍തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമായിരുന്നു അഞ്ജുവിന്റെ പരാതി. സൗദിയില്‍വെച്ചാണ് യുവതി ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിനിരയായത്. സൗദിയിലെ വീട്ടില്‍വെച്ച് ലാപ്‌ടോപ്പ് ചാര്‍ജര്‍, ബെല്‍റ്റ്, കുക്കര്‍ തുടങ്ങിയവ കൊണ്ടെല്ലാം അഞ്ജുവിനെ ഭര്‍ത്താവ് മര്‍ദിച്ചു. മര്‍ദനമേറ്റ് യുവതിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. ഇതിനുപുറമേ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതായും ഭീഷണിപ്പെടുത്തി റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖ ഭര്‍ത്താവ് പ്രചരിപ്പിച്ചതായും യുവതി പറഞ്ഞിരുന്നു.

അഞ്ജുവിന്റെ പരാതിയില്‍ ഭര്‍ത്താവ് നന്ദു, അച്ഛന്‍ ദിനേശ്, അമ്മ ജഗദമ്മ എന്നിവര്‍ക്കെതിരേ ചവറ പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഈ കേസില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരിക്കുന്നത്.