കൊല്ലം പുനലൂരിൽ യുവാവ് തോട്ടിൽ മരിച്ച നിലയിൽ 

പുനലൂർ കോളേജ് ജംഗ്‌ഷന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്തെ തോട്ടിൽ ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടത്.

 

 കൊല്ലം : പുനലൂർ കോളേജ് ജംഗ്‌ഷന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്തെ തോട്ടിൽ ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ പാടുകളുണ്ട്. വിവാദമായ കെവിൻ കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ഷിനുവിനെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു. ഇയാളുടെ സഹോദരൻ ഷാനു ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ പരോളിലാണ്.

അമിതമായി മദ്യപിച്ച് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് അബദ്ധത്തിൽ വീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫ്ലാറ്റിന് മുകളിൽ നിന്ന് ഷിനുവിന്റെ മൊബൈൽ ഫോണും മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിലെ മുറിവുകൾ വീഴ്ചയുടെ ആഘാതത്തിൽ ഉണ്ടായതാണോ അതോ മറ്റ് അസ്വാഭാവിക കാരണങ്ങളാലാണോ എന്ന് പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.