കൊല്ലത്ത് തീ തുപ്പുന്ന കാർ പൊലീസ് പിടിച്ചെടുത്തു ; യുവാവിനെതിരെ കേസ്
കൊല്ലം: തീ തുപ്പുന്ന കാർ പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചക്ക് 12ന് പൂയപ്പള്ളി നാൽക്കവല മേലേവിള ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. വിവാഹ ചടങ്ങിനെത്തിയ സംഘം, കാർ നടുറോഡിൽ നിർത്തി അഭ്യാസ പ്രകടനങ്ങൾ നടത്തി. ഇതു കണ്ട് ഭയന്ന നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൂയപ്പള്ളി എസ്.ഐയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിന് നമ്പർ പ്ലേറ്റും ഇല്ലായിരുന്നു. വാഹനത്തിൽനിന്ന് വലിയ തോതിൽ തീ പടർന്ന് അപകടമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കല്ലുവാതുക്കൽ നടക്കൽ ഷിബു മന്ദിരത്തിൽ കെവിൻ ഷിബുവിനെതിരെ (20) പൊലീസ് കേസെടുത്തു. മോട്ടേർ വാഹന നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും വാഹനത്തിന്റെ ആർ.സി റദ്ദാക്കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കാർ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് വിവരം കൈമാറിയതായും പൊലീസ് അറിയിച്ചു.
അതേസമയം, വാഹന മോഡിഫിക്കേഷനിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാറിന് അധികാരമായില്ലയെന്ന് നിയമസഭയിൽ വ്യക്തമാക്കി ഗതാഗത മന്ത്രി സി.പി. ജോൺ. അനധികൃത മോഡിഫിക്കേഷന് 5000 രൂപ പിഴ ഈടാക്കുമെന്നും 2026 മേയ് 18 മുതൽ സെപ്റ്റംബർ 30 വരെ അനധികൃത രൂപമാറ്റത്തിന് 5.53 കോടി രൂപയിലധികം പിഴ ചുമത്തിയതായും മന്ത്രി സഭയിൽ രേഖാമൂലം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ യുവാക്കൾക്ക് നൽകിയ വാഗ്ദാനമായിരുന്നു വാഹനങ്ങൾ രൂപമാറ്റം നടത്താൻ സർക്കാർ അനുവദിക്കുമെന്നത്. ഭരണത്തിലേറിയ ശേഷവും യുവാക്കളുടെ ആവശ്യം പരിഗണിക്കുമെന്നും അതൊക്കെ നടത്താനാണ് നമ്മൾ അധികാരത്തിലെത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. തുടർന്ന് വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട് 18 തരം മോഡിഫിക്കേഷൻ പട്ടിക സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ, പട്ടികക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടാൻ ഗതാഗത വകുപ്പ് ശ്രമിച്ചു.
ഇതിനെല്ലാം ശേഷം വാഹനം രൂപമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് വ്യക്തത വരുത്തിയിരുന്നു. ഇതിൽ പലതും മാനദണ്ഡങ്ങൾക്ക് വിധേയമായി നിലവിൽ ചെയ്യാവുന്നതാണെങ്കിലും ‘പൊതുജനങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ രൂപമാറ്റങ്ങൾക്ക് അനുവാദം നൽകി’ എന്ന നിലയിലാണ് ഗതാഗത കമിഷണറേറ്റ് അവതരിപ്പിച്ചത്. വാഹന മോഡിഫിക്കേഷനിൽ നിയമവിരുദ്ധമായി സർക്കാറിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഭയിൽ സി.പി. ജോൺ സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.