കൊല്ലത്ത് ആത്മഹത്യ പ്രേരണ കേസിൽ മരിച്ച യുവതിയുടെ ഭർത്താവ് പിടിയിൽ 

സ്വകാര്യ സ്കൂൾ ജീവനക്കാരിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായ കേസിൽ ട്വിസ്റ്റ്. മരിച്ച പത്തനംതിട്ട കടമ്പനാട് സ്വദേശിനിയുടെ ഭർത്താവിനെ കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ കേസിൽ ആണ് പത്തനംതിട്ട കടമ്പനാട് സ്വദേശിയായ അനിൽകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
 

 കൊല്ലം: സ്വകാര്യ സ്കൂൾ ജീവനക്കാരിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായ കേസിൽ ട്വിസ്റ്റ്. മരിച്ച പത്തനംതിട്ട കടമ്പനാട് സ്വദേശിനിയുടെ ഭർത്താവിനെ കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ കേസിൽ ആണ് പത്തനംതിട്ട കടമ്പനാട് സ്വദേശിയായ അനിൽകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

മരിക്കുന്നതിന് മുമ്പ് യുവതിയെ അനിൽകുമാർ മർദിച്ചിരുന്നു എന്നുള്ള കണ്ടെത്തലാണ് അറസ്റ്റിലേക്ക് നയിച്ചത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഐ. ഫറോസ് പറഞ്ഞു. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് എത്തിയത്. യുവതിയുടെ ശരീരത്തിൽ മരണത്തിന് 24 മണിക്കൂറിനുള്ളിലുള്ളത് ഉൾപ്പെടെ നിരവധി മുറിവുകൾ കണ്ടെത്തി.

മൂന്നു മുറിവുകൾക്ക് മാത്രമാണ് കാലപ്പഴക്കം ഉണ്ടായിരുന്നത്. ഇത് കൂടാതെ, യുവതിയുടെ മകനും പിതാവ് മർദ്ദിച്ചെന്ന് മൊഴി നൽകിയിരുന്നു. യുവതിയുടെ ആത്മഹത്യ കുറിപ്പും സംശയനിഴലിലാണ്. ഇത് ഭർത്താവ് മർദ്ദിച്ച് എഴുതിപ്പിച്ചതാണോ എന്നാണ് സംശയിക്കുന്നത്. ഒരുമിച്ച് ജോലി ചെയ്തിരുന്ന സുഹൈലിന്റെ പേരിൽ യുവതിയെ ഭർത്താവ് സംശയിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരി 14ന് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പിൽ സുഹൈൽ അൻസാരിയെ കുറിച്ച് പരാമർശമുണ്ടായിരുന്നു. സ്വകാര്യസ്കൂളിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന സുഹൈലിന്റെ ശല്യം കാരണമാണ് മരിക്കുന്നത് എന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്. ഇതേ തുടർന്ന് സുഹൈലിനെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സുഹൈൽ രംഗത്ത് വന്നതോടെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.