കലയുടെ സ്പർശത്തിൽ ആശ്വാസം; കൊടുങ്ങല്ലൂരിൽ നിന്ന് കലോത്സവത്തിലേക്ക് എത്തിയ സന്തോഷ നിമിഷങ്ങൾ   , വേറിട്ട അനുഭവമായി ഭിന്നശേഷി കുട്ടികളുടെ സന്ദർശനം 

ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, കൊടുങ്ങല്ലൂർ ബി.ആർ.സിയുടെ കീഴിലുള്ള ഓട്ടിസം സെന്ററിലെ 25 ഓളം  കുട്ടികൾ സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെത്തി. സംഗീതവും നൃത്തവും കലയും ഒന്നായി ചേരുന്ന ആ വേദി, അവർക്കു വെറും കാഴ്ചയല്ല, അത് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും അനുഭവമായി മാറി.
 

തൃശ്ശൂർ : ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, കൊടുങ്ങല്ലൂർ ബി.ആർ.സിയുടെ കീഴിലുള്ള ഓട്ടിസം സെന്ററിലെ 25 ഓളം  കുട്ടികൾ സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെത്തി. സംഗീതവും നൃത്തവും കലയും ഒന്നായി ചേരുന്ന ആ വേദി, അവർക്കു വെറും കാഴ്ചയല്ല, അത് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും അനുഭവമായി മാറി.

വേദികളിൽ മുഴങ്ങുന്ന താളങ്ങളും നിറങ്ങളും ചിരികളും കുട്ടികളുടെ മുഖത്ത് അതുല്യമായ സന്തോഷമായി തെളിഞ്ഞു. ഗുജറാത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കായുള്ള നാഷണൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ, എസ്.എസ്.കെ തൃശ്ശൂരിനെ പ്രതിനിധീകരിച്ച് ക്ലബ് ത്രോ വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ കൊടുങ്ങല്ലൂർ ബി.ആർ.സി, പി.ബി.എം.ജി.എച്ച്.എസ്.എസ് വിദ്യാർത്ഥി മുഹമ്മദ് അഫ്താബും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. 

കലോത്സവ നഗരിയിൽ ഇവരുടെ സാന്നിധ്യം മത്സരങ്ങളുടെ തിരക്കുകൾക്കിടയിൽ ഒരു വേറിട്ട അനുഭവം പകർന്നു. കല വേദികളിൽ വെറും മത്സരമല്ല, മനുഷ്യരെ ഒരുമിപ്പിക്കുന്ന സ്നേഹത്തിന്റെ ഭാഷയാണെന്ന് ഓർമിപ്പിച്ചു ഈ സന്ദർശനം. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കൂടി കലോത്സവ വേദിയിൽ അവർക്കൊപ്പം കൂടിയപ്പോൾ, ആ നിമിഷങ്ങൾ കുട്ടികൾക്കു കൂടുതൽ സന്തോഷം ഇരട്ടിയായി.

 ഹയർസെക്കൻഡറി എൻ.എസ്.എസ് വിഭാഗം ജില്ലാ കോഡിനേറ്റർ പ്രതീഷ് എം വി, ക്ലസ്റ്റർ കൺവീനർമാരായ തോമസ് എ എ, രേഖ ഇ ആർ, ശാലിനി ആർ, ബി ആർ സി യിലെ യും, ഓട്ടിസം സെന്ററിലെയും സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്, രക്ഷിതാക്കൾ എന്നിവർ ഇവർക്കൊപ്പം ഉണ്ടായിരുന്നു.