ജയിലിൽ അനധികൃതമായി ഫോൺ ഉപയോഗം; കൊടി സുനിയെ  പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ജയിലിൽ അനധികൃതമായി ഫോൺ ഉപയോ​ഗിച്ചതിൽ അന്വേഷണം. തവനൂർ ജയിലിലാണ് കൊടി സുനിയെ പാർപ്പിച്ചിട്ടുള്ളത്. കൊടി സുനി സഹതടവുകാരന്റെ ഫോൺ കാർഡ് തട്ടിയെടുത്ത് മറ്റൊരാളെ ഫോൺ വിളിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥൻ ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്മേൽ കൂടുതൽ അന്വേഷണത്തിന് ജയിൽ സൂപ്രണ്ട് ഉത്തരവിട്ടു.

 

 മലപ്പുറം : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ജയിലിൽ അനധികൃതമായി ഫോൺ ഉപയോ​ഗിച്ചതിൽ അന്വേഷണം. തവനൂർ ജയിലിലാണ് കൊടി സുനിയെ പാർപ്പിച്ചിട്ടുള്ളത്. കൊടി സുനി സഹതടവുകാരന്റെ ഫോൺ കാർഡ് തട്ടിയെടുത്ത് മറ്റൊരാളെ ഫോൺ വിളിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥൻ ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്മേൽ കൂടുതൽ അന്വേഷണത്തിന് ജയിൽ സൂപ്രണ്ട് ഉത്തരവിട്ടു. തടവുകാർക്ക് അധികൃതർ അനുവദിക്കുന്ന ഫോൺ കാർഡ് ഉപയോഗിച്ച് പരമാവധി മൂന്ന് നമ്പറുകളിൽ വിളിക്കാനാവും. ജയിൽ അധികൃതരുടെ നിരീക്ഷണത്തിൽ മാത്രമേ ഫോൺ വിളിക്കാനാവുകയുള്ളൂ. ഇതു ലംഘിച്ചാണ് കൊടി സുനിയുടെ ഫോൺ വിളി. ഇതേത്തുടർന്ന് കൊടി സുനിയെ പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റി. ഒറ്റയാൾ മുറിയിൽ താമസിപ്പിച്ചിരിക്കുന്ന കൊടി സുനിക്കു സെല്ലിനു പുറത്തിറങ്ങാനാകില്ല. ജയിലിലെ മറ്റു സൗകര്യങ്ങളും ലഭിക്കില്ല.

തവനൂർ ജയിൽ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരെ നേരത്തെ കുറ്റിപ്പുറം പൊലീസ് കേസെടുത്തിരുന്നു. കയ്യിൽ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞമാസം ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് ആവശ്യപ്പെട്ടു. അനുസരിക്കാൻ തയ്യാറായില്ല. കർശന നിർദേശം നൽകിയപ്പോൾ ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. കഴിഞ്ഞദിവസം വീണ്ടും കയ്യിൽ ചരട് കെട്ടി. ഇതു മാറ്റാൻ നിർദേശിച്ചപ്പോൾ ജയിൽ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ പേരിൽ വ്യാജ പരാതി നൽകുമെന്നും കുടുംബത്തെ അടക്കം കൊല്ലുമെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽക്കഴിഞ്ഞിരുന്ന കൊടി സുനിയെ 2023 നവംബർ ഒൻപതിനാണ് ആദ്യമായി തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ സഹതടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതായിരുന്നു ജയിൽ മാറ്റത്തിന് കാരണം.

ജയിലിൽ മൊബൈൽഫോൺ ഉപയോഗിച്ചതിനും ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ചതിനും സുനിക്കെതിരേ കേസുണ്ട്. ജയിൽ ഉദ്യോഗസ്ഥരെ മർദിച്ച കേസിലും പ്രതിയാണ് സുനി. തവനൂർ ജയിലിലും ജയിൽ ജീവനക്കാരുമായി തട്ടിക്കയറുന്നത് ഇയാളുടെ പതിവുരീതിയാണ്. കൊടി സുനിക്ക് ജയിലിനകത്തും പുറത്തും സഹായം ലഭിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് നേരത്തെ ഡിഐജി വി. ജയകുമാറിന്റെ മേൽനോട്ടത്തിൽ ജയിലിൽ മിന്നൽപരിശോധന നടത്തിയിരുന്നു. മൊബൈൽഫോണും മറ്റും പരിശോധനയിൽ കണ്ടെടുത്തിരുന്നു.