പുതുവര്‍ഷത്തെ ആവേശത്തോടെ വരവേല്‍ക്കാന്‍ കൊച്ചി ; കൊച്ചി കാര്‍ണിവലിന് എത്തുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി പൊലീസ്

 

പൊലീസ് വകുപ്പ് വിട്ടുവീഴ്ചകള്‍ ഇല്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.

 

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പുതുവത്സരാഘോഷങ്ങള്‍ നടക്കും.

പുതുവര്‍ഷത്തെ ആവേശത്തോടെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി. ആഘോഷം കളറാക്കാന്‍ നിരവധിപേര്‍ എത്തുമെന്നതിനാല്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഭരണകൂടം ഒരുക്കിയിട്ടുള്ളത്. പുതുവത്സരം ആഘോഷിക്കാന്‍ കൊച്ചിന്‍ കാര്‍ണിവലിന് എത്തുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ വി കെ മിനിമോള്‍. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് കൊച്ചിന്‍ കാര്‍ണിവലിന്റെ പ്രധാന വേദി ആകുമെന്ന് ജില്ലാകളക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. കൂടാതെ വെളി ഗ്രൗണ്ട് ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പുതുവത്സരാഘോഷങ്ങള്‍ നടക്കും.


പൊലീസ് വകുപ്പ് വിട്ടുവീഴ്ചകള്‍ ഇല്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഇതിനായി 28 ഇന്‍സ്പെക്ടര്‍മാരും 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 1200 പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും.

പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാര്‍ക്കിംഗ് നിരോധിക്കും. ബുധനാഴ്ച (ഡിസംബര്‍ 31) ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി നിര്‍ദിഷ്ട പാര്‍ക്കിംഗ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.


വൈപ്പിന്‍ ഭാഗത്തു നിന്നും റോറോ ജങ്കാര്‍ വഴി ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനു ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് മാത്രമേ റോറോ ജങ്കാര്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയുകയുള്ളു. വൈപ്പിനില്‍ നിന്നും ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ബസുകള്‍ പുലര്‍ച്ചെ മൂന്നു വരെ സര്‍വീസ് നടത്തും. മെട്രോ റെയില്‍ പുലര്‍ച്ചെ രണ്ട് വരെയും വാട്ടര്‍ മെട്രോ പുലര്‍ച്ചെ നാലുവരെയും പ്രവര്‍ത്തിക്കും. കൂടാതെ കൊച്ചി ഫീഡര്‍ ബസുകളുടെ സേവനവും ലഭ്യമായിരിക്കുമെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതു കൂടാതെ ബയോ ടോയ്‌ലറ്റ് സംവിധാനങ്ങളും മെഡിക്കല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.