പുതുവർഷാഘോഷത്തെ വരവേൽക്കാൻ കൂടുതൽ സർവ്വീസുകളുമായി കൊച്ചി മെട്രോ
വർഷാവസാന ദിവസത്തെ തിരക്കും പുതുവർഷാഘോഷവും കണക്കിലെടുത്ത് കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ കൂടുതൽ സർവ്വീസ് നടത്തും.
കൊച്ചി : വർഷാവസാന ദിവസത്തെ തിരക്കും പുതുവർഷാഘോഷവും കണക്കിലെടുത്ത് കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ കൂടുതൽ സർവ്വീസ് നടത്തും.
ഇലക്ട്രിക് ഫീഡർ ബസ്
ബുധനാഴ്ച രാത്രി 12 മുതൽ പുലർച്ചെ നാലുവരെ ഇലക്ട്രിക് ഫീഡർബസ് വൈപ്പിൻ-ഹൈക്കോർട്ട് റൂട്ടിൽ സർവ്വീസ് നടത്തും. ഹൈക്കോർട്ടിൽ നിന്ന് മെട്രോ സ്റ്റേഷനുകളുമായും എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനുമായും കണക്ട് ചെയ്യാൻ ഹൈക്കോർട്ട്-എം.ജി റോഡ് സർക്കുലർ സർവ്വീസും രാത്രി 12 മുതൽ പുലർച്ചെ 4 മണിവരെയുണ്ടാകും.
കൊച്ചി മെട്രോ ട്രെയിൻ
മെട്രോ ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവ്വീസ് നടത്തും. ആലുവയിൽ നിന്നും തൃപ്പൂണിത്തുറ നിന്നും ലാസ്റ്റ് സർവ്വീസ് 1.30 ന് പുറപ്പെടും. ഇടപ്പള്ളിയിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള ലാസ്റ്റ് സർവ്വീസ് രണ്ട് മണിക്കായിരിക്കും. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഇടപ്പള്ളിയിൽ നിന്ന് ജനുവരി 3 വരെ അലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11:00 മണി വരെ സർവീസ് ദീർഘിപ്പിച്ചിട്ടുമുണ്ട്.
കൊച്ചി വാട്ടർ മെട്രോ
ഡിസംബർ 31 ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും ഹൈക്കോർട്ട് ഫോർട്ട് കൊച്ചി റൂട്ടിലും രാത്രി 7 മണിക്ക് അവസാനിക്കും എങ്കിലും തുടർന്ന് ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലുവരെ ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും സർവ്വീസ് ഉണ്ടാകും. മറ്റ് റൂട്ടുകളിലെ സർവ്വീസ് പതിവുപോലെ ഉണ്ടാകും