അഞ്ച് ദിവസത്തിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് ആറ് ലക്ഷം യാത്രക്കാർ

 

 കൊച്ചി: നഗരം ഓണത്തിരക്കിലമരുമ്പോൾ കൊച്ചി മെട്രോയും ഓണാഘോഷങ്ങളെ വരവേറ്റ് ഓടികൊണ്ടിരിക്കുകയാണ്. കൊച്ചിയിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നതിനിടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് ആറ് ലക്ഷത്തോളം പേരാണ്. കൂടാതെ അധിക സർവിസുകളും പുതിയ ഫീഡർ സർവിസുമുൾപ്പെടെ ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചു. കൊച്ചി മെട്രോ, കേരളം മെട്രോ എന്നാക്കി മാറ്റാനുള്ള തീരുമാനം വിവാദമാകുന്നതിനിടെയാണ് ഓണത്തിരക്കിൻറെ പിടിയിൽ മെട്രോ ഓടിമുന്നേറുന്നത്.

ആഗസ്റ്റ് 16 മുതൽ 20 വ്യാഴം വരെ 6,05,772 യാത്രക്കാരാണ് മെട്രോ സർവിസിനെ ആശ്രയിച്ചത്. എല്ലാ ദിവസവും ഒരുലക്ഷത്തിലേറെ യാത്രക്കാർ മെട്രോയിൽ കയറിയതായാണ് കണക്ക്. 16ന് 1,05,829 പേരും 17 ന് 1,26,043 പേരും 18ന് 1,24,018 പേരും 19ന് 1,21,931 യാത്രക്കാരും 20ന് 1,27,951 പേരുമാണ് മെട്രോയിൽ യാത്ര ചെയ്തത്.

ഓണത്തിനോടനുബന്ധിച്ച് ഷോപ്പിംഗിനും മറ്റുമായി നഗരത്തിലെത്തുന്നവർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് മെട്രോ ട്രെയിനിനെയാണ്. റോഡിലെ ഗതാഗതക്കുരുക്കിൽ അകപ്പെടാതെ ഏറ്റവും വേഗത്തിലും കൃത്യവും സുരക്ഷിതവുമായി ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സഹായിക്കുന്നതാണ് കൂടുതൽ പേരെ മെട്രോയിലേക്ക് ആകർഷിക്കുന്നത്. ആലുവ, ഇടപ്പള്ളി, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളെയാണ് യാത്രക്കാർ കൂടുതൽ ആശ്രയിച്ചത്.

ആഗസ്റ്റ് ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് 14 നാണ്. 1,35,124 പേരാണ് സ്വാതന്ത്ര ദിനത്തലേന്ന് മെട്രോയിലൂടെ സുരക്ഷിത യാത്ര നടത്തിയത്. മെട്രോയുടെ ചരിത്രത്തിൽ കഴിഞ്ഞ പുതുവർഷത്തലേന്ന് പുലർച്ചെ രണ്ടു വരെ 1,39,766 പേർ യാത്ര ചെയ്തതാണ് ഇതുവരെ ഒരു ദിവസം ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തതിന്റെ റെക്കോഡ്.