ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. സ്വകാര്യ ബസ് ജീവനക്കാരുടെ ഫോട്ടോ വച്ച് പൊലീസ് പശ്ചാത്തല പരിശോധന നടത്തും. പരിശോധനക്ക് ശേഷം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും

 

 കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. സ്വകാര്യ ബസ് ജീവനക്കാരുടെ ഫോട്ടോ വച്ച് പൊലീസ് പശ്ചാത്തല പരിശോധന നടത്തും. പരിശോധനക്ക് ശേഷം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ജീവനക്കാർക്ക് ഐഡി കാർഡും നൽകെമെന്ന് കമ്മീഷണർ അറിയിച്ചു. വെരിഫിക്കേഷൻ 15 ദിവസത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം. ബസ് ഉടമകൾ നൽകുന്ന അപേക്ഷ പരിഗണിച്ചായിരിക്കും കാർഡും സർട്ടിഫിക്കറ്റും നൽകുക.

പാട്ടത്തിനെടുത്ത് ഓടിക്കുന്ന ബസുകളിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് തിങ്കളാഴ്ച മുതൽ കൊച്ചിയിൽ പൊലീസ് പ്രത്യേക പരിശോധന നടത്തും. പാട്ടത്തിനെടുത്ത ബസുകളിലെ ഉടമകൾക്കും ജീവനക്കാർക്കും പരസ്പരം അറിയാത്ത സാഹചര്യമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അൻസാറുമായി ബന്ധപ്പെട്ട കേസിലും ബസ് ഉടമയ്ക്ക് ജീവനക്കാരനെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നുവെന്ന് കമ്മീഷണർ പറഞ്ഞു.

ബസ് ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക വർക്ക്ഷോപ്പുകളും സംഘടിപ്പിക്കും. ബസ് ടെർമിനലുകളിൽ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജീവനക്കാരുമായി സംസാരിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. സർവീസ് സമയക്രമം പാലിക്കുന്നതിന്റെ പേരിൽ റാഷ് ഡ്രൈവിങ് അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ബസുകളിലെ ബിനാമി നിക്ഷേപത്തെക്കുറിച്ച് നിലവിൽ വിവരമില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പൊലീസുകാർ ബിനാമി പേരിൽ ബസുകൾ സ്വന്തമാക്കിയിട്ടുണ്ടെന്ന വിവരം ലഭിച്ചാൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. പാട്ടത്തിനെടുത്ത ബസുകൾ നിയമവിരുദ്ധമായി ഓടിക്കുന്ന സാഹചര്യമുണ്ടെങ്കിൽ നടപടിയുണ്ടാകും. ബസുകൾ പാട്ടത്തിനെടുത്ത് ഓടിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. ബസ് ഉടമകൾ പൊലീസ് നടപടികൾക്ക് പിന്തുണ അറിയിച്ചതായും കമ്മീഷണർ പറഞ്ഞു.