കണ്ണൂർ ജില്ലയിൽ സിപിഎം നേരിട്ടത് ഒരു കൂട്ടം നേതാക്കന്മാരുടെ അഹങ്കാരത്തിനുള്ള തിരിച്ചടി : കെ കെ വിനോദ്കുമാർ
എന്ത് തീരുമാനിച്ചാലും അണികൾ അതേറ്റു പാടുമെന്ന മനോഭാവമുള്ള ഒരു കൂട്ടം നേതാക്കന്മാരുടെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണ് ജില്ലയിൽ സിപിഎം നേരിട്ടത്. രക്തസാക്ഷി ഫണ്ട്, പ്രതികൾക്ക് വേണ്ടിയുള്ള ഫണ്ട് എന്നിവ മുക്കുന്നവരും, മുക്കുന്നവരെ സംരക്ഷിക്കുന്നവരുമായി ഒരു വിഭാഗം നേതാക്കന്മാർ മാറിക്കഴിഞ്ഞു.
കണ്ണൂർ: എന്ത് തീരുമാനിച്ചാലും അണികൾ അതേറ്റു പാടുമെന്ന മനോഭാവമുള്ള ഒരു കൂട്ടം നേതാക്കന്മാരുടെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണ് ജില്ലയിൽ സിപിഎം നേരിട്ടത്. രക്തസാക്ഷി ഫണ്ട്, പ്രതികൾക്ക് വേണ്ടിയുള്ള ഫണ്ട് എന്നിവ മുക്കുന്നവരും, മുക്കുന്നവരെ സംരക്ഷിക്കുന്നവരുമായി ഒരു വിഭാഗം നേതാക്കന്മാർ മാറിക്കഴിഞ്ഞു.
ഇത്തരം നേതൃത്വത്തെ ചോദ്യം ചെയ്താൽ, ചോദ്യം ചെയ്യുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന നേതൃത്വത്തിനെതിരായ അണികളുടെ നിലപാട് സിപിഎമ്മിന്റെ പരാജയത്തിന് കാരണമായി. സിപിഎമ്മിന് വേണ്ടി കള്ളവോട്ട് ചെയ്യാൻ പോയ പാർട്ടിയുടെ പ്രാദേശിക നേതാക്കന്മാർ സിപിഎം പാർട്ടിയെ തോൽപ്പിക്കാനാണ് തീരുമാനിച്ചത്. ജില്ലയിൽ മിക്ക ബൂത്തുകളിലും മുപ്പത് മുതൽ നൂറു വരെ ഓപ്പൺ വോട്ടുകൾ ചെയ്തിട്ടുണ്ട്. സിപിഎം തീരുമാനത്തിന്റെ ഭാഗമായി കൂട്ടമായി ഓപ്പൺ വോട്ട് ചെയ്യാൻ പോയിട്ടുള്ളവർ പോലും സിപിഎമ്മിനെ തോൽപ്പിച്ചു. സിപിഎമ്മിന്റെ കൈത്തണ്ട രാഷ്ട്രീയത്തിനേറ്റ ചുട്ട മറുപടിയാണ് അവർക്കുള്ള പരാജയം.
തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ്സും ലീഗും അഹങ്കരിക്കേണ്ട. യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിൽ ത്രിവർണ പതാക ഇല്ല. പച്ച പതാകകൾ മാത്രമേ കാണുന്നുള്ളൂ. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെയോ അവാമി ലീഗിന്റെയോ പ്രകടനമായാണ് അനുഭവപ്പെടുന്നത്. കേരളത്തെ മിനി പാക്കിസ്ഥാൻ ആക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. പ്രീണന രാഷ്ട്രീയത്തിന് ജനങ്ങൾ കോൺഗ്രസ്സിന് നൽകിയ മറുപടിയായിരുന്നു 10 വർഷം പ്രതിപക്ഷത്തിരിക്കാൻ ഇടയായത്. ഇത് കോൺഗ്രസ്സ് നേതൃത്വം മറന്നു പോകരുത്.
തെരഞ്ഞെടുപ്പിൽ ജില്ലയിൽ ബിജെപി ശക്തമായ മുന്നേറ്റം ഉണ്ടാക്കി.2021ൽ കിട്ടിയതിനേക്കാൾ 36116 വോട്ട് ഇക്കുറി ജില്ലയിൽ ബിജെപി അധികം നേടി- കെ കെ വിനോദ്കുമാർ പറഞ്ഞു.തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി. താളിക്കാവ് പരിസരത്തുനിന്ന് ആരംഭിച്ച ആഹ്ലാദപ്രകടനം കാൽടെക്സിൽ സമാപിച്ചു. പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ, ജനറൽ സെക്രട്ടറിമാരായ ടി സി മനോജ്, എ പി ഗംഗാധരൻ, ദേശീയ സമിതി അംഗം സി രഘുനാഥ്, പി കെ ശ്രീകുമാർ, എം അനീഷ് കുമാർ, ഒ കെ സന്തോഷ് കുമാർ, ടി കൃഷ്ണപ്രഭ, അർച്ചന വണ്ടിച്ചാൽ, ടി ജ്യോതി, അർജ്ജുൻ മാവിലക്കണ്ടി എന്നിവർ നേതൃത്വം നൽകി.