വ്യാജ വാർത്ത നൽകി മാധ്യമങ്ങൾ പാർട്ടി നിലപാടിനെ ദുർവ്യാഖ്യാനിക്കുന്നു: കെ കെ രാഗേഷ്
പയ്യന്നൂരിൽ മുൻ എംഎൽഎ ടി ഐ മധുസൂദനൻ നടത്തിയതായി പറയുന്ന പ്രസംഗത്തെ സിപി എം ന്യായീകരിച്ചുവെന്ന നിലയിൽ ചാനലുകൾ വാർത്തകൊടുത്തത് അത്യന്തം ഹീനമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താ കുറിപ്പിൽ പറഞ്ഞു
കണ്ണൂർ:പയ്യന്നൂരിൽ മുൻ എംഎൽഎ ടി ഐ മധുസൂദനൻ നടത്തിയതായി പറയുന്ന പ്രസംഗത്തെ സിപി എം ന്യായീകരിച്ചുവെന്ന നിലയിൽ ചാനലുകൾ വാർത്തകൊടുത്തത് അത്യന്തം ഹീനമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താ കുറിപ്പിൽ പറഞ്ഞു.ധനരാജ് കേസിൽ നിയമപരമായ നടപടി തുടരുമെന്നാണ് ആദ്യം മുതലേ സിപി എമ്മെടുത്ത നിലപാട്. അതിൽ നിന്ന് ഒരുമാറ്റവും ഉണ്ടായിട്ടില്ല. മറിച്ചുള്ള ഒരുപ്രതികരണത്തേയും പാർടി അംഗീകരിക്കുന്നില്ല.
നിലപാട് ഇതായിരിക്കെ, പാർടി നിലപാടിനെ ദുർവ്യാഖ്യാനിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തെ അടുത്ത ഭാഷയിൽ അപലപിക്കുന്നു .ടി ഐ മധുസൂദനൻ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി പയ്യന്നൂരിൽ നടത്തിയ പ്രസംഗത്തെ ആഗോള വിഷയമാക്കിയ അതേ ചാനലുകൾ, രണ്ടുദിവസം മുന്പ് മുഖ്യമന്ത്രി വിഡി സതീശൻ കണ്ണൂരിൽ യൂത്തുകോൺഗ്രസ് പരിപാടിയിൽ നടത്തിയ കൊലവിളി പ്രസംഗത്തെ പൂർണമായും തമസ്കരിച്ചു. അതിലുള്ള വിമർശനം കൂടിയാണ് തന്നെ വന്ന് കണ്ടപ്പോൾ ചാനലുകളോട് നടത്തിയത്. മുഖ്യമന്ത്രി പോലുള്ള സ്ഥാനങ്ങളിലിരുന്ന്, ‘ചോരയ്ക്ക് പകരം ചോര’ എന്നൊക്കെയുള്ള പ്രയോഗം നടത്തിയതിൽ, ഒരു പ്രശ്നവും തോന്നാത്ത ചാനലുകൾക്ക്, സിപിഐ എമ്മിനെതിരെയാകുമ്പോൾ ഹാലിളകുകയാണ്. ഇൗ ഇരട്ടത്താപ്പിനെയാണ് ചൂണ്ടിക്കാട്ടിയത്.
അത്തരം മാധ്യമ വിമർശനം ഇനിയും തുടരും. കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ ‘ചോരയ്ക്ക് പകരം ചോര’ എന്ന പ്രസ്താവനയെ ചർച്ചക്കുവക്കാൻ മാധ്യമങ്ങളെ വെല്ലുവിളിക്കുകയാണ്. വ്യാജവാർത്ത ബോധപൂർവം സംഘടിതമായി നിർമിച്ച് പാർടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് ഇനിയെങ്കിലും മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു.