കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ ചുംബിക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമം; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി
കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ ചുംബിക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. പതിനാലര വയസ്സുള്ള ആൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി 20 വർഷം തടവിന് ശിക്ഷിച്ച പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സുപ്രധാന വിധി.
കൊച്ചി: കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ ചുംബിക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. പതിനാലര വയസ്സുള്ള ആൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി 20 വർഷം തടവിന് ശിക്ഷിച്ച പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ സുപ്രധാന വിധി. കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ കർശനമായി വ്യാഖ്യാനിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
പോക്സോ നിയമത്തിലെ സെക്ഷൻ 3 (ഡി) പ്രകാരം കുട്ടിയുടെ ലിംഗം, യോനി, ഗുദം, മൂത്രനാളി എന്നീ ഭാഗങ്ങളുമായി വായ ഉപയോഗിച്ചുള്ള ഏതൊരു സ്പർശനവും ശരീരത്തിനുള്ളിലേക്ക് കടന്നുള്ള ലൈംഗികാതിക്രമമായി കണക്കാക്കപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വകുപ്പിന്റെ പരിധിയിൽ ചുംബനവും പൂർണ്ണമായി ഉൾപ്പെടുമെന്നും അതിനാൽ വിചാരണക്കോടതി ചുമത്തിയ കുറ്റവും ശിക്ഷയും നിയമപരമായി നിലനിൽക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. ശിക്ഷ ഇളവ് ചെയ്യണമെന്നും സംഭവം ശരീരത്തിനുള്ളിലേക്ക് കടന്നുള്ള അസോൾട്ടായി കണക്കാക്കാനാവില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്. കുട്ടികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും കുട്ടികളുടെ സുരക്ഷ മുൻനിർത്തി നിയമത്തിലെ ഓരോ വ്യവസ്ഥയും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.