1000 കോടി രൂപവരെ സ്വന്തംനിലയിൽ വായ്പയെടുക്കാൻ കിൻഫ്രക്ക് അനുമതി നൽകി : മന്ത്രി രാജീവ്
വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കാനും മറ്റും 1000 കോടി രൂപവരെ സ്വന്തംനിലയിൽ വായ്പയെടുക്കാൻ കിൻഫ്രക്ക് സർക്കാർ അനുമതി നൽകിയതായി വ്യവസായ മന്ത്രി പി. രാജീവ്.
തിരുവനന്തപുരം: വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കാനും മറ്റും 1000 കോടി രൂപവരെ സ്വന്തംനിലയിൽ വായ്പയെടുക്കാൻ കിൻഫ്രക്ക് സർക്കാർ അനുമതി നൽകിയതായി വ്യവസായ മന്ത്രി പി. രാജീവ്. കിൻഫ്ര ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കിഫ്ബി പോലുള്ള സാമ്പത്തിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് കിൻഫ്ര ഭൂമി ഏറ്റെടുത്തിരുന്നത്. ഇനി 1000 കോടി രൂപവരെ കിൻഫ്രക്ക് വായ്പയെടുക്കാൻ സർക്കാർ ഗ്യാരണ്ടി നൽകും. വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങൾക്ക് ഭൂമി ഏറ്റെടുക്കാനായിരിക്കും ഈ സൗകര്യം ആദ്യം ഉപയോഗിക്കുക.
സംസ്ഥാനത്തേക്ക് ധാരാളംപേർ വ്യവസായ നിക്ഷേപ വാഗ്ദാനവുമായി എത്തുന്നുണ്ട്. നിരവധി കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. വ്യവസായം തുടങ്ങാൻ കിൻഫ്രയിൽനിന്ന് ഭൂമി ഏറ്റെടുത്തശേഷം വെറുതേ ഇട്ടിരിക്കുന്ന സ്ഥിതിയുണ്ട്. ഈ ഭൂമിയിൽ എത്രയും പെട്ടെന്ന് സംരംഭങ്ങൾ ആരംഭിച്ചില്ലെങ്കിൽ സർക്കാരിന് ചില തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും മന്ത്രി സൂചിപ്പിച്ചു.