കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നാളെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.
 

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നടപടിക്കെതിരെ മുന്‍ മന്ത്രി ഡോ. ടി.എം തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി വേട്ടയാടുകയാണെന്നും, സിംഗിള്‍ ഉത്തരവിന് വിരുദ്ധമായാണ് സമന്‍സ് അയച്ചുതന്നുമാണ് ഇരുവരുടെയും വാദം. എന്നാല്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നുമാണ് ഇഡി കോടതി അറിയിച്ചത്.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് അഞ്ചാം തവണയും ഇ ഡി നോട്ടിസ് അയച്ചിരുന്നു. നാളെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നിശ്ചലമാക്കാന്‍ കിഫ്ബിയും തോമസ് ഐസക് അടക്കമുള്ള എതിര്‍കക്ഷികളും ബോധപൂര്‍വം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇഡി സമന്‍സിനെ എല്ലാവരും ഭയക്കുന്നത് എന്തിനെന്ന് ചോദിച്ച കോടതി പ്രാഥമിക വിര ശേഖരണത്തിനാണ് രേഖകള്‍ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സമന്‍സിനോട് പ്രതികരിക്കുകയാണ് വേണ്ടതെന്നും അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി ആവര്‍ത്തിച്ചിട്ടുണ്ട്.