'Keralam നല്ലത് തന്നെ,പക്ഷെ ഇനി Keralam ല്‍ നിന്നുള്ളവരെ ഇംഗ്ലീഷില്‍ എന്ത് വിളിക്കും';പോസ്റ്റുമായി ശശി തരൂര്‍
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നീക്കമായതുകൊണ്ട് തന്നെ ഇനി ഇതിന് വേണ്ടിയും മുഖ്യമന്ത്രി മത്സരം നടത്തിയേക്കാം എന്നും ശശി തരൂര്‍ പരിഹസിച്ചു.
കേരളത്തിലുള്ളവരെ ഇനി ഇംഗ്ലിഷില്‍ കേരളമൈറ്റ് (Keralamite), കേരളമിയന്‍ (Keralamian) എന്നോ വിളിക്കേണ്ടി വരുമോ എന്നാണ് ശശി തരൂര്‍ തമാശാപൂര്‍വ്വം പ്രതികരിച്ചത്.
ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. കേരളത്തിലുള്ളവരെ ഇനി ഇംഗ്ലിഷില്‍ കേരളമൈറ്റ് (Keralamite), കേരളമിയന്‍ (Keralamian) എന്നോ വിളിക്കേണ്ടി വരുമോ എന്നാണ് ശശി തരൂര്‍ തമാശാപൂര്‍വ്വം പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നീക്കമായതുകൊണ്ട് തന്നെ ഇനി ഇതിന് വേണ്ടിയും മുഖ്യമന്ത്രി മത്സരം നടത്തിയേക്കാം എന്നും ശശി തരൂര്‍ പരിഹസിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. 'എല്ലാം നല്ലതിന് തന്നെ. പക്ഷെ ഒരു ഭാഷാപരമായ ചോദ്യം അതില്‍ താല്‍പര്യമുള്ളവരോട് എനിക്ക് ചോദിക്കാനുണ്ട്. കേരളൈറ്റ് (Keralaite), കേരളന്‍(kerala) എന്നീ വാക്കുകള്‍ക്ക് ഇനി എന്ത് സംഭവിക്കും ? കേരളത്തില്‍ (keralam) ജീവിക്കുന്നവരെ ഇനി എന്താണ് വിളിക്കുക. കേരളമൈറ്റ് (Keralamite) എന്ന് ഉപയോഗിക്കാമെന്ന വെച്ചാല്‍ അതൊരു സൂക്ഷ്മാണുവിന്റെ പേര് പോലെയുണ്ട്. കേരളമിയന്‍ (Keralamian) എന്ന് വിളിക്കാമെന്ന് വെച്ചാല്‍ അത് ഏതോ അപൂര്‍വ്വ ധാതുവിനെ പോലെ തോന്നും. കേരളത്തിന്റെ മുഖ്യമന്ത്രി ഇതിനു വേണ്ടിയും ഒരു മത്സരം നടത്തിയേക്കാം. എന്തായാലും ഇതൊക്കെ ഒരു ഇലക്ഷന്‍ നീക്കമാണല്ലോ,' ശശി തരൂര്‍ എക്സില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക അക്കൗണ്ട് അടക്കം ടാഗ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്റെ പോസ്റ്റ്.