കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിലെ യെല്ലോ അലേർട്ട് പിൻവലിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് പിൻവലിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നിലവിലില്ല.

 

 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് പിൻവലിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നിലവിലില്ല.

എന്നാൽ, വരുന്ന ദിവസങ്ങളിൽ വീണ്ടും മഴ ശക്തമായേക്കുമെന്നാണ് പ്രവചനം. സെപ്റ്റംബർ 11-നും സെപ്റ്റംബർ 12- നും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (വെള്ളി) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും, മറ്റന്നാൾ (ശനി) പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട് ഉള്ളത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് മഴ മുന്നറിയിപ്പിൽ മാറ്റങ്ങൾ വന്നിരിക്കുന്നത്. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.