ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം; കടലുണ്ടിയും കുമരകവും രാജ്യത്തെ മികച്ച ടൂറിസം വില്ലേജ്

ലോകടൂറിസം ദിനത്തിൽ ഇരട്ട പുരസ്കാരത്തിളക്കത്തിൽ  കേരള ടൂറിസം. കേന്ദ്ര സർക്കാരിൻറെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡിലാണ് കേരളം പുരസ്കാര നേട്ടം. ഉത്തരവാദിത്ത ടൂറിസം മിഷൻറെ മികവുറ്റ പദ്ധതികളാണ് കേരളത്തെ പുരസ്കാരത്തിന് അർഹമാക്കിയത്.

 

തിരുവനന്തപുരം:ലോകടൂറിസം ദിനത്തിൽ ഇരട്ട പുരസ്കാരത്തിളക്കത്തിൽ  കേരള ടൂറിസം. കേന്ദ്ര സർക്കാരിൻറെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡിലാണ് കേരളം പുരസ്കാര നേട്ടം. ഉത്തരവാദിത്ത ടൂറിസം മിഷൻറെ മികവുറ്റ പദ്ധതികളാണ് കേരളത്തെ പുരസ്കാരത്തിന് അർഹമാക്കിയത്.

ഉത്തരവാദിത്ത മിഷൻ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയ കടലുണ്ടി, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകൾക്കാണ് പുരസ്കാരം. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്പോൺസിബിൾ ടൂറിസം വില്ലേജ് അവാർഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷൻറെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ കാന്തല്ലൂരിന് സുവർണ്ണ പുരസ്കാരം ലഭിച്ചിരുന്നു.

ന്യൂഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിൻറെ സാന്നിദ്ധ്യത്തിൽ കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്  ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനുഷ വി വി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷൻ ആക്കുന്നതിനുള്ള ആർ ടി മിഷൻറെ  പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ വിഭാഗത്തിൽ കടലുണ്ടിയെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡിന് തെരഞ്ഞെടുത്തത്. കാർഷിക പ്രവർത്തനങ്ങൾക്ക് വിഘാതമേൽപ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് പുരസ്കാരം.

  കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി കടലുണ്ടി ഗ്രാമ പഞ്ചായത്തുമായി ചേർന്നാണ് സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കുന്നത്. കുമരകം ഗ്രാമ പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസത്തിലധിഷ്ഠിതമായ കാർഷിക വിനോദ സഞ്ചാര പ്രവർത്തനങ്ങളുമായാണ് ആർടി മിഷൻ മുന്നോട്ട് പോകുന്നത്.

സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിധത്തിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം ഒരു വിജയകരമായ മാതൃക സൃഷ്ടിച്ചുവെന്നതിന് ഈ പുരസ്കാരങ്ങൾ തെളിവാണെന്നും ഇപ്പോൾ അതിന് കൂടുതൽ പ്രസക്തിയുണ്ടെന്നും സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.