ആവേശം ചോരാത്ത കലാപ്രകടനങ്ങൾ; കലോത്സവ ചൂടിൽ ഉള്ളം തണുപ്പിച്ച് തണ്ണീർ പന്തൽ

തൃശ്ശൂർപൂര നഗരിയിൽ  കലോത്സവചൂടിനോടൊപ്പം കാലാവസ്ഥയുടെ ചൂട് കൂടെ ഏറിയപ്പോൾ തളർന്ന്  പോകുന്നവർക്ക് താങ്ങായി മാറുകയാണ് തണ്ണീർ പന്തൽ

 

കലാസ്വാദകർക്കിടയിൽ, ഒരു കവിൾ കുടിവെള്ളം വെള്ളം വലിയ ആശ്വാസമായി മാറുകയാണ്.

 തൃശൂർ : തൃശ്ശൂർപൂര നഗരിയിൽ  കലോത്സവചൂടിനോടൊപ്പം കാലാവസ്ഥയുടെ ചൂട് കൂടെ ഏറിയപ്പോൾ തളർന്ന്  പോകുന്നവർക്ക് താങ്ങായി മാറുകയാണ് തണ്ണീർ പന്തൽ. കലാസ്വാദകർക്കിടയിൽ, ഒരു കവിൾ കുടിവെള്ളം വെള്ളം വലിയ ആശ്വാസമായി മാറുകയാണ്. കേരളസ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ സൂര്യകാന്തിയിൽ നിന്ന് ഉയരുന്ന സംഗീതത്തിന്റെയും താളത്തിന്റെയും ഇടയിൽ, ദാഹിക്കുന്ന മനസ്സുകളെ ശാന്തമാക്കുകയാണ് തണ്ണീർ പന്തൽ. 

ഇവിടെ നൽകുന്ന കുടിവെള്ളം വെറും ദാഹനിവാരണത്തിന് മാത്രമല്ല; അതൊരു സേവനവും, കരുതലും, കൂട്ടായ്മയുടെ അടയാളവും കൂടെയാണ്. വേദികളിലേക്ക് ഓടുന്ന കുട്ടികളും മാതാപിതാക്കളും അധ്യാപകരും, ഇടയ്ക്ക് ദാഹമകറ്റാൻ എത്തുന്നത് ഈ പന്തലിലേക്കാണ്. മൺകൂജയിലെ തണുത്ത വെള്ളത്തിനൊപ്പം വൊളൻ്റിയേഴ്സിൻ്റെ പുഞ്ചിരിയോടെയുള്ള സ്നേഹാന്വേഷണവും മനം കുളിർപ്പിക്കും. 

 ആരും ആവശ്യപ്പെടാതെ തന്നെ ആവശ്യക്കാരുടെ ഇടയിലേക്ക് സേവനവുമായി എത്തുന്ന ഇത്തരം ഇടങ്ങളാണ് കലോത്സവത്തിന് കരുത്തേകുന്നത്. സൂര്യകാന്തിയുടെ മുൻവശത്തെ ഈ തണ്ണീർ പന്തൽ    കലോത്സവത്തിന്റെ തിരക്കുകൾക്കിടയിൽ ആശ്വാസമാകുകയാണ്. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ഒരുക്കിയ വെൽഫയർ കമ്മിറ്റിയുടെ ഈ തണ്ണീർ കൂജകൾ കലയുടെ ഉത്സവത്തിലേക്ക് മനുഷ്യസ്നേഹത്തിന്റെ ഒരു തുള്ളി ചേർക്കുന്ന കുളിർമയുള്ള ഇടമായി തേക്കിൻകാട് മൈതാനത്ത് തുടരുകയാണ്.