സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തി 

 സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമേകി വിവിധയിടങ്ങളിൽ വേനൽ മഴ എത്തിത്തുടങ്ങിയിരിക്കുന്നു. പകൽ സമയങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുമ്പോഴും രാത്രികാലങ്ങളിൽ ലഭിക്കുന്ന ഈ മഴ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

 

 സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമേകി വിവിധയിടങ്ങളിൽ വേനൽ മഴ എത്തിത്തുടങ്ങിയിരിക്കുന്നു. പകൽ സമയങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുമ്പോഴും രാത്രികാലങ്ങളിൽ ലഭിക്കുന്ന ഈ മഴ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മെയ് എട്ടാം തീയതി വരെ കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. വരും മണിക്കൂറുകളിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്തരീക്ഷത്തിൽ കാർമേഘങ്ങൾ രൂപപ്പെട്ടു തുടങ്ങുമ്പോൾ തന്നെ ജാഗ്രത പാലിക്കണമെന്നും മഴയ്‌ക്കൊപ്പം എത്തുന്ന കാറ്റ് നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്നും അധികൃതർ അറിയിച്ചു.

ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിക്കുന്നു. മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും പുറമെ വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ നാശമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാനും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും ശ്രദ്ധിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.