സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത
May 12, 2025, 18:40 IST
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത. ഇന്ന് സംസ്ഥാനത്ത് 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കാലവർഷം മെയ് 27 ഓടെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും വേനൽ മഴയിൽ നിന്ന് കാലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനകൾ കാറ്റിന്റെ ദിശയിൽ കണ്ട് തുടങ്ങിയതായി അധികൃതർ അറിയിച്ചു. മെയ് 13 -ഓട് കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.