അടുത്ത അഞ്ച് ദിവസം കേരളത്തിൽ അതിതീവ്ര മഴ
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ജൂലൈ എട്ടിന് പതിനൊന്ന് ജില്ലകളിലും ജൂലൈ ഒൻപതിന് വടക്കൻ ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
കുറഞ്ഞ സമയം കൊണ്ട് വലിയ തോതിൽ മഴ പെയ്യുന്ന പ്രവണതയുള്ളതിനാൽ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലുള്ളവർ പകൽ സമയം തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ മുൻകരുതൽ എടുക്കണം. നദികൾ മുറിച്ചു കടക്കുന്നതോ ജലാശയങ്ങളിൽ ഇറങ്ങുന്നതോ കർശനമായി ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഉപേക്ഷിക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ നിർത്തിവെക്കുകയും വേണം.