കേരള പ്രൊഫഷണൽ കോഴ്സ് പ്രവേശനം; അപേക്ഷ ജനുവരി 31 വരെ

കേരളത്തിലെ വിവിധ ബിരുദതല പ്രൊഫഷണൽ കോഴ്സുകളിലെ 2026-’27-ലെ പ്രവേശനത്തിനായി പ്രവേശന പരീക്ഷാകമ്മിഷണർ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ വിഭാഗത്തിൽ ആറും മെഡിക്കൽ അലൈഡ് വിഭാഗത്തിൽ ഏഴും കോഴ്സുകൾ ഉണ്ട്.
 

കേരളത്തിലെ വിവിധ ബിരുദതല പ്രൊഫഷണൽ കോഴ്സുകളിലെ 2026-’27-ലെ പ്രവേശനത്തിനായി പ്രവേശന പരീക്ഷാകമ്മിഷണർ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ വിഭാഗത്തിൽ ആറും മെഡിക്കൽ അലൈഡ് വിഭാഗത്തിൽ ഏഴും കോഴ്സുകൾ ഉണ്ട്. കൂടാതെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി ബിരുദ പ്രോഗ്രാമുകളും ഉണ്ട്. പൂർണ പട്ടിക www.cee.kerala.gov.in ലെ വിജ്ഞാപനത്തിലും പ്രോസ്പക്ടസിലും ഉണ്ട്.

    എൻജിനിയറിങ്, ഫാർമസി പ്രവേശനങ്ങളുടെ ഭാഗമായി മാത്രമേ പ്രവേശനപരീക്ഷകൾ നടത്തുന്നുള്ളൂ.
    മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വറ്റ് (നീറ്റ് - യുജി) 2026 അടിസ്ഥാനമാക്കിയായിരിക്കും.
    ആർക്കിടെക്ചർ പ്രവേശനം തേടുന്നവർ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) അഭിമുഖീകച്ച് യോഗ്യത നേടണം എൻജി. ഫാർമസി പ്രവേശന പരീക്ഷ

എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ ഏപ്രിൽ 17 മുതൽ 23 വരെ ദിവസവും ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, യുഎഇ എന്നിവടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും.

അപേക്ഷ

www.cee.kerala.gov.in വഴി ജനുവരി 31-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ഓൺലൈൻ ആയി ഈ സമയപരിധിക്കകം അടയ്ക്കാം. പരിഗണിക്കപ്പെടേണ്ട സ്ട്രീമുകൾ - എൻജിനിയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് മെഡിക്കൽ അലൈഡ്, ഫാർമസി - തിരഞ്ഞെടുക്കണം.

ഒരു സ്ട്രീമിൽമാത്രം അപേക്ഷിച്ചാലും ഒന്നിൽക്കൂടുതൽ സ്ട്രീമുകളിൽ അപേക്ഷിച്ചാലും ഒരൊറ്റ അപേക്ഷയേ നൽകേണ്ടതുള്ളൂ. യുഎഇ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കുന്നവർ പതിനാറായിരം രൂപകൂടി അടയ്ക്കണം.

എസ്എസ്എൽസി/തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ (ആറ് മാസത്തിനുള്ളിൽ എടുത്തത്), ഒപ്പ് എന്നിവ അപേക്ഷയ്ക്കൊപ്പം ഈ സമയപരിധിക്കകം അപ്‌ലോഡ് ചെയ്യണം. അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ അപേക്ഷാർഥിയുടേതോ രക്ഷാകർത്താവിന്റെയോ ആയിരിക്കണം.

അപേക്ഷയിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ബാധകമായ മറ്റ് സർട്ടിഫിക്കറ്റുകൾ/പിന്തുണാരേഖകൾ തുടങ്ങിയവ ഫെബ്രുവരി ഏഴിന് വൈകീട്ട് അഞ്ചിനകം ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.