സിവില്‍ പൊലീസ് ഓഫീസര്‍ നിയമന നടപടികളില്‍ വന്‍ മാറ്റത്തിനൊരുങ്ങി കേരള പൊലീസ്; ഇനി പത്തു പേരെ നിയമിക്കുമ്പോള്‍ മൂന്നും വനിതകള്‍
സിവില്‍ പൊലീസ് ഓഫീസര്‍ നിയമന നടപടികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് നിയമിക്കപ്പെടുന്ന 10 സിപിഒമാരില്‍ മൂന്നുപേര്‍ സ്ത്രീകളായിരിക്കും.
നിലവിലുള്ള 9:1 എന്ന പുരുഷ-സ്ത്രീ നിയമന അനുപാതം 7:3 എന്നാക്കി മാറ്റാന്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ നിയമന നടപടികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് നിയമിക്കപ്പെടുന്ന 10 സിപിഒമാരില്‍ മൂന്നുപേര്‍ സ്ത്രീകളായിരിക്കും. നിലവിലുള്ള 9:1 എന്ന പുരുഷ-സ്ത്രീ നിയമന അനുപാതം 7:3 എന്നാക്കി മാറ്റാന്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
ഈ മാറ്റം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ പൊലീസ് സേനയില്‍ മൂന്നിലൊന്ന് വനിതാ ഉദ്യോഗസ്ഥരാകും.ഡിജിപിയുടെ ശുപാര്‍ശകള്‍ ആഭ്യന്തര വകുപ്പ് പരിശോധിച്ചതായും നിലവില്‍ അവ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായതിനാല്‍, മന്ത്രിസഭ ഉടന്‍ തന്നെ ഈ നിര്‍ദ്ദേശം പരിഗണിച്ചേക്കുമെന്നാണ് സൂചന.
നിലവില്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) പുരുഷ-വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം മാര്‍ക്ക് ലിസ്റ്റുകള്‍ വഴിയാണ് നിയമിക്കുന്നത്. ഓരോ പത്താമത്തെ സിപിഒ ഒഴിവ് സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ പുതിയ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍, ആദ്യത്തെ ഏഴ് ഒഴിവുകള്‍ പുരുഷന്മാര്‍ക്കും തുടര്‍ന്നുള്ള മൂന്ന് ഒഴിവുകള്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്കുമായി സംവരണം ചെയ്യപ്പെടും.