കേരളം വീണ്ടും ഇരുട്ടിലേക്ക് ; വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകാതെ സർക്കാർ

സംസ്ഥാനം വീണ്ടും ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. വിവിധ സംസ്ഥാനങ്ങളുമായി വൈദ്യുതി കൈമാറ്റ കരാറുകളിൽ ഏർപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരം

 

 തിരുവനന്തപുരം: സംസ്ഥാനം വീണ്ടും ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. വിവിധ സംസ്ഥാനങ്ങളുമായി വൈദ്യുതി കൈമാറ്റ കരാറുകളിൽ ഏർപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കാതെ സർക്കാർ വലയുകയാണ്. വൈദ്യുതി ക്ഷാമമുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിക്കുമ്പോഴും, വിഷയം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി സർക്കാരിന് നൽകിയ കത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. വരുന്ന മാസത്തിന്റെ തുടക്കം മുതൽ തന്നെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് സൂചന.

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഭീഷണി ഉയരുന്നത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കെ.എസ്.ഇ.ബി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകാത്തതാണ് നിലവിലെ അനിശ്ചിതത്വത്തിന് പ്രധാന കാരണം. കൂടിയ തുക ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിയുടെ ഹർജി റെഗുലേറ്ററി കമ്മീഷൻ നിരസിക്കുകയായിരുന്നു. ഇതോടെ യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് അറിയിച്ചിരുന്ന ഹിമാചൽ പ്രദേശ് കരാറിൽ നിന്ന് പിന്മാറി.

കെ.എസ്.ഇ.ബിയുടെ കത്ത് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയെങ്കിലും അന്തിമതീരുമാനം വൈകുകയാണ്. അതേസമയം, പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. വിപണിയിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഇപ്പോഴും സാധാരണ നിലയിലായിട്ടില്ലെന്നും വരും മാസത്തിൽ രാത്രി സമയങ്ങളിൽ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടായേക്കുമെന്നും കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എസ്. പ്രശാന്ത് ചൂണ്ടിക്കാട്ടി.