കേരളത്തിലേത് വൺ സൈഡഡ് സർക്കാർ : കെസി വേണുഗോപാൽ എംപി

എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഇപ്പോഴുള്ളത് വൺ സൈഡഡ് സർക്കാരാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. തൊഴിലുറപ്പ് തൊഴിലാളികളും ആശാവർക്കർമാരും ഡോക്ടർമാരും സമരം ചെയ്താൽ ചർച്ചയില്ല.

 

 ഡൽഹി : എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഇപ്പോഴുള്ളത് വൺ സൈഡഡ് സർക്കാരാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. തൊഴിലുറപ്പ് തൊഴിലാളികളും ആശാവർക്കർമാരും ഡോക്ടർമാരും സമരം ചെയ്താൽ ചർച്ചയില്ല. വിലക്കയറ്റം ചർച്ച ചെയ്യാനും തയ്യാറാകുന്നില്ല.നികുതികൾ, വീട്ടുകരം,വെള്ളക്കരം,വൈദ്യുതി നിരക്ക്  ഉൾപ്പെടെ വർധിപ്പിച്ച് ജനങ്ങളെ പിഴിയുകയാണ്. ഒരു ഭാഗത്ത് മാത്രം ചിന്തിക്കുന്ന സർക്കാരായത് കൊണ്ടാണത്.ബാധിക്കപ്പെട്ടവരുമായി ഒരു ചർച്ചയ്ക്കും സർക്കാർ തയ്യാറാകുന്നില്ല. ആശുപത്രിയുടെ അസൗകര്യം വിളിച്ചു പറയുന്ന ചില ഡോക്ടർമാർ ഉണ്ടായതുകൊണ്ട് ഡോക്ടേഴ്‌സിനെ മൊത്തത്തിൽ സർക്കാർ വെറുത്തു.അവരെ മുഴുവൻ  ശത്രുവായിട്ടാണ് സർക്കാർ കാണുന്നത്. ചെയ്യാവുന്ന കാര്യങ്ങൾ പോലും ചെയ്യുന്നില്ല. ശമ്പള കമ്മീഷൻ ഉൾപ്പെടെ അടുത്ത സർക്കാർ ചെയ്യേണ്ട കാര്യങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്.

അതെ സമയം, ഡാറ്റ മോഷണം ജീവനക്കാരുടെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്നും വിമർശിച്ചു. ജീവനക്കാരുടെ വ്യക്തിഗത വിരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നൽകിയതിനെതിരെയുള്ള ഹൈക്കോടതിയുടെ വിമർശനത്തിലൂടെ സർക്കാർ ചെയ്തത് തെറ്റായ കാര്യമാണെന്ന് വ്യക്തമാണ്. ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരാണിത്.എങ്ങനെയെങ്കിലും നഷ്ടപ്പെട്ട വികൃതമായ മുഖം തിരിച്ചുപിടിക്കാൻ മുഖ്യമന്ത്രിയും ഭരണകൂടവും മുഖംമിനുക്കൽ പരിപാടിയുമായി ഇറങ്ങിയിട്ട് കുറച്ച ദിവസമായി. പക്ഷേ അതിന് പാവപ്പെട്ടവന്റെ സ്വകാര്യതയെ ബലിയാടാക്കുന്ന ഈ ക്രൂരകൃത്യം കേരളം ഒരിക്കലും പ്രതീക്ഷിച്ചില്ല. കുറച്ച് ദിവസം കൂടി കഴിയുമ്പോൾ കാവൽ മന്ത്രിസഭ ആകാൻ പോകുന്ന സർക്കാരാണിത്. അതുകൊണ്ട് രാജിവെച്ച് ഒഴിഞ്ഞു പോകണം എന്ന് പറയുന്നില്ല.എന്തായാലും ഈ സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.