കേരള'ക്ക് പകരം 'കേരളം'; സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് മാറ്റണമെന്ന് ബിജെപി, പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് 'കേരള'ക്ക് പകരം 'കേരളം' എന്നാക്കണമെന്ന് ബിജെപി. നിയമസഭ ഈ വിഷയത്തിൽ പാസാക്കിയ പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
2024 ജൂണിൽ 'കേരള' എന്ന പേര് ഔദ്യോഗിക രേഖകളിൽ 'കേരളം' ആയി മാറ്റുന്നതിനുള്ള പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് 'കേരള'ക്ക് പകരം 'കേരളം' എന്നാക്കണമെന്ന് ബിജെപി. നിയമസഭ ഈ വിഷയത്തിൽ പാസാക്കിയ പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
പേര് മാറ്റത്തില്‍ പിന്തുണ അറിയിച്ച് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കത്ത് നൽകി.
നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും 'കേരളം' എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.
അതേസമയം, ഭരണഘടനയുടെ ഔദ്യോഗിക രേഖകളില്‍ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിന് പകരം 'കേരളം' എന്ന് പുനർനാമകരണം ചെയ്യണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്. 2024 ജൂണ്‍ 24 തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭാംഗങ്ങള്‍ പിന്തുണച്ചു. മലയാള ഭാഷാപരമായ അസ്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും ഭരണഘടനാപരമായ പിശകുകള്‍ തിരുത്തുന്നതിനുമാണ് ഈ നീക്കം.