കേരളത്തിൽ ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ഒക്ടോബർ 7) പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. നാളെ (ഒക്ടോബർ 8 ) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും, മറ്റന്നാൾ ( ഒക്ടോബർ 9 ) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച ( ഒക്ടോബർ 10) പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ജാഗ്രതാ നിർദ്ദേശം ബാധകമാണ്. സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കൊപ്പം 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇതിനുപുറമെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്തും ഇതേ സമയം വരെ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ ഇടയുള്ളതിനാൽ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും, തീരപ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികൾ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.