കെഎഎസിലേക്ക് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും

കെഎഎസിലേക്ക് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും
 

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കൂടുതൽ വകുപ്പുകളെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു (കെഎഎസ്) കൊണ്ടു വന്നേക്കും. സാങ്കേതിക തസ്തിക ഒഴികെയുള്ള രണ്ടാം ഗസറ്റഡ് പോസ്റ്റുകൾ ആയിരിക്കും ഉൾപ്പെടുത്തുക. 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് പോസ്റ്റാണ് ആദ്യ ഘട്ടത്തിൽ കെഎഎസുകാർക്കായി നീക്കി വച്ചത്. ഈ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് പോസ്റ്റിലുണ്ടായിരുന്ന 105 തസ്തികകളിൽ ആദ്യഘട്ട നിയമനം നടത്തുന്നതോടെ ഒഴിവുണ്ടാകില്ല.

ഇനി ഇവരുടെ സ്ഥാനക്കയറ്റം നടന്നാലേ ഒഴിവുണ്ടാവുകയുള്ളൂ. അതിനു 8 മുതൽ 10 വർഷം വരെ കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് കൂടുതൽ വകുപ്പുകളെ കെഎഎസിൽ ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. എല്ലാ വകുപ്പിലെയും സാങ്കേതിക തസ്തിക ഒഴികെയുള്ള രണ്ടാം ഗസറ്റഡ് തസ്തികകൾ ഘട്ടം ഘട്ടമായി കെഎഎസിനു കീഴിൽ കൊണ്ടു വരും. സർവീസ് സംഘടനകളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനം. അല്ലെങ്കിൽ നിലവിലുള്ള 29 വകുപ്പുകളിൽ കൂടുതൽ തസ്തിക സൃഷ്ടിക്കേണ്ടി വരും.

സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ഇതു പ്രായോഗികമല്ല. നിലവിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്ന വാദമാണ് ഇതിനെതിരെ സംഘടനകൾ ഉന്നയിക്കുന്നത്. മധ്യനിരയിൽ കഴിവുറ്റ ഉദ്യോഗസ്ഥരെ കിട്ടാൻ എല്ലാ വകുപ്പുകളെയും കെഎഎസിലേക്കു മാറ്റണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഐഎഎസിന്റെ ഫീഡർ തസ്തിക എന്ന നിലയിൽ കെഎഎസ് പൂർണമായും ജനറൽ മെറിറ്റിലേക്കു മാറ്റണമെന്ന ർദേശവും സർക്കാരിന്റെ പരിഗണനയിലാണ്.