കേരളത്തിൽ ഉള്ളത് കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാർ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

 

ഹരിപ്പാട് :കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിൽ ഉള്ളതെന്ന് മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിലെ നിയമസംവിധാനം തകർന്നിരിക്കുകയാണെന്നും കേരള പോലീസിനകത്ത് ആയിരത്തിലധികം കുറ്റവാളികലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. . യു ഡി എഫ് സ്ഥാനാർത്ഥി കെസി വേണുഗോപാലിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് നടന്ന  ആലപ്പുഴ പാർലമെന്റ്തല കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിപ്പാട് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന് സമീപം ഡോ. രാജേഷ് എരുമക്കാടിൻ്റെ വസതിയിലാണ് സംഗമം നടന്നത്. 

നിയമ സമാധാനം ഉണ്ടാക്കാനുള്ള പോലീസുകാരന് നട്ടെല്ല് ഉയർത്തി നേരെ നിക്കാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. നിയമം നടപ്പാക്കാനുള്ള ഉദ്യോഗസ്ഥരെ മുട്ടുമടക്കുന്നവരാക്കി മാറ്റി. നീതി നടപ്പാക്കാൻ അവരെ അനുവദിക്കുന്നില്ലന്നും തിരുവഞ്ചൂർ പറഞ്ഞു.  പോക്സോ കേസുകളിൽ വൻ വർധനവാണ് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്യാബിനറ്റ് തീരുമാനിച്ചിട്ടും സിദ്ധാർഥിൻ്റെ കേസ് സി ബി ഐ ക്ക് വിടാത്തത് അതിന്റെ ഫയൽ മുഖ്യമന്ത്രി പൂഴ്ത്തി വച്ചതുകൊണ്ടാണെന്നും  അദ്ദേഹം പറഞ്ഞു. 

പി എസ് സി യിൽ പിൻവാതിൽ നിയമനം നടത്തി ഇടതുപക്ഷ സർക്കാർ പരീക്ഷ എഴുതി കാത്തിരിക്കുന്ന യുവാക്കളെ വഞ്ചിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യൻ ഭരണഘടന സുരക്ഷിതമല്ലെന്നും അതിനെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പ് ആണ് ഇതെന്നും തിരുവഞ്ചൂർ പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ പരസ്പരം തല്ലിപ്പിച്ച് ഭരിക്കാനാണ് ബിജെപി ശ്രമം. വിവിധ മതത്തിൽ പെട്ടവർക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം ഉള്ള നാടാണ് നമ്മുടെത് അത് തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ കൂട്ടി ചേർത്തു.

കൃഷ്ണ കുമാർ വാരിയർ അധ്യക്ഷനായി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആർ ഹരിപ്പാട് സ്വാഗതം പറഞ്ഞു. ഡി സി സി പ്രസിഡന്റ്‌ അഡ്വ ബി ബാബു പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി നിർവഹക സമിതി അംഗം എ കെ രാജൻ, കെ പി സി സി മെമ്പർ എം കെ വിജയൻ, ഡി സി സി വൈസ് പ്രസിഡന്റ്‌ മാരായ ജോൺ തോമസ്, എസ്സ് ദീപു,അഡ്വ കിഷോർ ബാബു,  ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌മാരായ കെ കെ സുരേന്ദ്രനാഥ്‌, ഷംസുദീൻ കയ്യിപ്പുറം, ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ വി ഷുക്കൂർ,  മുഞ്ഞിനാട്ട് രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, ബിനു ചുള്ളിയിൽ, ഡി സി സി എക്സിക്യൂട്ടീവ് അംഗം എം ആർ ഹരികുമാർ, എസ്സ് രാജേന്ദ്ര കുറുപ്പ് , എൽ കെ ശ്രീദേവി, ബബിത ജയൻ, ബിന്ദു ജയൻ, ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ കെ രാമകൃഷ്ണൻ, ഡി സി സി അംഗം എം സജീവ്, മനോജ്‌ എരുമക്കാട്ട്, യൂത്ത് കോൺഗ്രസ്‌ ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ്‌ വി കെ നാഥൻ, കാട്ടിൽ സത്താർ, ശ്രീവിവേക്, മിനി സാറാമ്മ എന്നിവർ പങ്കെടുത്തു.