ക്ഷീര കര്‍ഷകര്‍ക്കായി എസ്എംഎസ് സംവിധാനവുമായി കേരള ഫീഡ്‌സ്

ക്ഷീര കര്‍ഷകര്‍ക്കായി എസ്എംഎസ് സംവിധാനം നടപ്പിലാക്കി പൊതു മേഖലാ കാലിത്തീറ്റ നിര്‍മ്മാണ വിതരണ സ്ഥാപനമായ കേരള ഫീഡ്‌സ്. മാര്‍ച്ച് 28 മുതല്‍ക്കാണ് സംവിധാനം നിലവില്‍ വന്നത്.

 
Kerala Feeds launches SMS system for dairy farmers

തൃശ്ശൂര്‍: ക്ഷീര കര്‍ഷകര്‍ക്കായി എസ്എംഎസ് സംവിധാനം നടപ്പിലാക്കി പൊതു മേഖലാ കാലിത്തീറ്റ നിര്‍മ്മാണ വിതരണ സ്ഥാപനമായ കേരള ഫീഡ്‌സ്. മാര്‍ച്ച് 28 മുതല്‍ക്കാണ് സംവിധാനം നിലവില്‍ വന്നത്.

കേരള ഫീഡ്‌സില്‍ നിന്നും കാലിത്തീറ്റയും മറ്റ് ഉല്‍പന്നങ്ങളും വാങ്ങുന്ന വിതരണക്കാരന് തീറ്റ എത്തിക്കുന്ന വാഹനത്തിന്റെ നമ്പര്‍, ഡ്രൈവറുടെ നമ്പര്‍, എത്തിച്ചേരുന്ന ഏകദേശ സമയം എന്നിവ ഇതു വഴി ലഭിക്കും. കൂടാതെ ഓരോ ജില്ലയിലേയും മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍, റീജിയണല്‍ ഹെഡ്, ഫീല്‍ഡ് സ്റ്റാഫ്, യൂണിറ്റ് ഹെഡ്, ട്രാന്‍സ്പോര്‍ട്ടിങ് കോണ്‍ട്രാക്ടര്‍ എന്നിവരുടെ മൊബൈല്‍ നമ്പരും വിതരണക്കാരന്റെ മൊബൈലിലേക്ക് എസ്എംഎസ് ആയി ലഭിക്കുന്നു.

കേരള ഫീഡ്സിന്റെ വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനും, ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനുമായിട്ടാണ് കേരള ഫീഡ്‌സ് എസ്എംഎസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏതെങ്കിലും കാരണവശാല്‍ വിതരണക്കാരന് നിശ്ചിത സമയത്തിനുള്ളില്‍ തീറ്റ ലഭിക്കാത്ത പക്ഷം ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതും കര്‍ഷകര്‍ക്ക് തീറ്റയുടെ ലഭ്യത ഉറപ്പു വരുത്താവുന്നതുമാണെന്ന് കേരള ഫീഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഷിബു എ.ടി അറിയിച്ചു.