കേരള കോണ്‍ഗ്രസ് എമ്മിന് മുന്നണി വിടാന്‍ സഭയുടെ സമ്മര്‍ദമുണ്ടെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് പ്രമോദ് നാരായണ്‍ എംഎല്‍എ
സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആത്മീയ നേതൃത്വങ്ങളോട് എന്നും ആദരവ് പുലര്‍ത്തുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്ന് പ്രമോദ് കൂട്ടിച്ചേര്‍ത്തു
സഭകളെ കൂടി വലിച്ചിഴച്ച് ഇത്തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ ദുഷ്ടലാക്കോട് കൂടിയുള്ളതാണ്', അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിന് മുന്നണി വിടാന്‍ സഭയുടെ സമ്മര്‍ദമുണ്ടെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് പ്രമോദ് നാരായണ്‍ എംഎല്‍എ. സഭയുടെ സമ്മര്‍ദമുണ്ടെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭകളെ വലിച്ചിഴച്ച് നടക്കുന്ന പ്രചാരണങ്ങള്‍ ദുഷ്ടലാക്കോട് കൂടിയുള്ളതാണെന്നും പ്രമോദ് നാരായണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'സഭകളുടെ സമ്മര്‍ദമുണ്ട് എന്ന് ഞാന്‍ പറഞ്ഞു എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും എന്റെ അറിവില്‍ പെടാത്തതും ഞാന്‍ നടത്തിയിട്ടില്ലാത്തതുമാണ് എന്ന് വ്യക്തമാക്കട്ടെ. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആദരണീയനായ പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ ജോസ് കെ മാണി സാര്‍ അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടും സഭകളെ കൂടി വലിച്ചിഴച്ച് ഇത്തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ ദുഷ്ടലാക്കോട് കൂടിയുള്ളതാണ്', അദ്ദേഹം പറഞ്ഞു.
സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആത്മീയ നേതൃത്വങ്ങളോട് എന്നും ആദരവ് പുലര്‍ത്തുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്ന് പ്രമോദ് കൂട്ടിച്ചേര്‍ത്തു. മകരവിളക്ക് ചടങ്ങുകളുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ആയിരുന്നതിനാല്‍ വളരെ വൈകിയാണ് ഈ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടത്. അതിനാലാണ് വിശദീകരണ കുറിപ്പ് വൈകിയതെന്നും കുറിപ്പ് വൈകിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിനൊപ്പം ചേരണമെന്നുള്ള ആവശ്യം സഭകളുടെ ഭാഗത്ത് നിന്നുണ്ടെന്ന് പ്രമോദ് പറഞ്ഞിരുന്നു. വോട്ട് നല്‍കി വിജയിപ്പിച്ച ജനങ്ങള്‍ വിശ്വാസ വഞ്ചകനായി കാണാന്‍ ഇത് ഇടയാക്കും. എത്ര സമ്മര്‍ദം ഉണ്ടെങ്കിലും ഇപ്പോള്‍ മുന്നണി മാറുന്നതിനോട് യോജിപ്പില്ലെന്നും പ്രമോദ് സൂചിപ്പിരുന്നു.