കീം പുതുക്കിയ ഫലപ്രഖ്യാപനം: റാങ്ക് ലിസ്റ്റില്‍ വലിയ മാറ്റം

കീം പുതുക്കിയ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. പുതുക്കിയ ഫലം പുറത്തുവന്നതോടെ സ്‌റ്റേറ്റ് സിലബസില്‍ ഉള്ള പല വിദ്യാര്‍ത്ഥികളും ആദ്യ നൂറില്‍ നിന്ന് പുറത്തായി.

 

പഴയ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചിരുന്ന തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബ് ഇത്തവണ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു.

തിരുവനന്തപുരം: കീം പുതുക്കിയ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ സ്‌റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. പുതുക്കിയ ഫലം പുറത്തുവന്നതോടെ സ്‌റ്റേറ്റ് സിലബസില്‍ ഉള്ള പല വിദ്യാര്‍ത്ഥികളും ആദ്യ നൂറില്‍ നിന്ന് പുറത്തായി. നേരത്തേ സ്റ്റേറ്റ് സിലബസിലുള്ള 43 വിദ്യാര്‍ത്ഥികളായിരുന്നു ആദ്യ നൂറില്‍ ഇടം പിടിച്ചത്. പുതുക്കിയ ഫലം പുറത്തുവന്നതോടെ ഇത് 21 ആയി ചുരുങ്ങി. പട്ടിക പുറത്തുവന്നതോടെ സ്‌റ്റേറ്റ് സിലബസില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി നേരിടുകയായിരുന്നു.

പഴയ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചിരുന്ന തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബ് ഇത്തവണ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു. പഴയ ലിസ്റ്റില്‍ എറണാകുളം കല്ലൂര്‍ക്കാട് വട്ടക്കുഴി സ്വദേശിയായ ജോണ്‍ ഷിനോജ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. പുതിയ പട്ടിക പ്രകാരം ജോണ്‍ ഷിനോജ് ഏഴാം സ്ഥാനത്താണ്. എറണാകുളം സ്വദേശി ഹരികിഷന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സക്കറിയക്കാണ് മൂന്നാം റാങ്ക്. ഫറോഖ് സ്വദേശി ആദില്‍ സയാനാണ് നാലാം റാങ്ക്. പഴയ പട്ടികയിലും ആദില്‍ നാലില്‍ തന്നെയായിരുന്നു.

ബെംഗളൂരു സ്വദേശികളായ അദ്വൈത് അയിനിപ്പള്ളി, അനന്യ രാജീവ് എന്നിവരാണ് അഞ്ചും ആറും റാങ്കുകാര്‍. കോഴിക്കോട് സ്വദേശികളായ അക്ഷയ് ബിജു, അച്യുത് വിനോദ്, അന്‍മോല്‍ ബൈജു എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റായിരുന്നു ഇന്നലെ രാത്രിയോടെ പുറത്തുവന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലേറ്റ തിരിച്ചടിക്ക് പിന്നാലെയായിരുന്നു സര്‍ക്കാരിന്റെ നടപടി.കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്. ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. എന്നാല്‍ ഡിവിഷന്‍ ബെഞ്ചില്‍ നിന്നും കനത്ത തിരിച്ചടിയാണ് സര്‍ക്കാരിനുണ്ടായത്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി