ലോകസമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത് കെസിബിസി
ഈ യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടട്ടെ.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ മൂലം ഭൂമി തുടര്‍ച്ചയായി മുറിവേല്‍പ്പിക്കപ്പെടുകയാണ്
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധ ഭീതിയില്‍ ലോകസമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത് കെസിബിസി. പശ്ചിമേഷ്യ യുദ്ധ ഭീതിയിലാണെന്നും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനായി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷ നടത്തിക്കൊണ്ട് അവരുടെ വേദനയില്‍ പങ്കുചേരണമെന്നും കെസിബിസി പ്രസിഡന്റ് വര്‍ഗീസ് ചക്കാലക്കല്‍ മെത്രാപ്പോലീത്ത പറഞ്ഞു.
ഈ യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടട്ടെ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ മൂലം ഭൂമി തുടര്‍ച്ചയായി മുറിവേല്‍പ്പിക്കപ്പെടുകയാണ്. യുദ്ധങ്ങളുടെയും സായുധ സംഘര്‍ഷങ്ങളുടെയും ഇരകളെ ചേര്‍ത്തു പിടിക്കാനുള്ള സമയമാണിത്. യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയുവാന്‍ ലോകനേതാക്കള്‍ക്കാവുന്നില്ല എന്നത് മനുഷ്യമനസകളെ വേദനിപ്പിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ വിജയവും ശത്രുവിന്റെ പൂര്‍ണമായ തകര്‍ച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. യുദ്ധഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്നത് നമ്മെ ഒത്തിരി വേദനിപ്പിക്കുന്നു. ആയതിനാല്‍ ഈ യുദ്ധക്കെടുതിയില്‍ വേദന അനുഭവിക്കുന്ന എല്ലാവരെയും നമുക്ക് ചേര്‍ത്തു പിടിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ പ്രാര്‍ത്ഥനകള്‍ അനേകര്‍ക്ക് ആശ്വാസവും കരുത്തും പകരും എന്ന ഉറച്ച വിശ്വാസത്തോടെ നമുക്ക് മുന്നേറാം. കര്‍ത്താവ് നമുക്ക് സമാധാനവും നീതിയും നല്‍കുന്നതിനായും ലോകത്തില്‍ നടന്നുവ രുന്ന സായുധ സംഘര്‍ഷങ്ങള്‍ മൂലം സഹിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിനായും സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മ എല്ലാ ജനതകളും സമാധാനത്തിന്റെ മാര്‍ഗം കണ്ടെത്തുന്നതിനായി മധ്യസ്ഥം വഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.