ബിജെപിക്ക് സന്തോഷം നൽകുന്നതും അവരെ സുഖിപ്പിക്കുന്നതുമായ പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒഴിഞ്ഞുമാറണം ; ശശി തരൂരിനെതിരെ കെ.സി. വേണുഗോപാൽ
കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയിൽ പരസ്യ താക്കീതുമായി എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് സന്തോഷം നൽകുന്നതും അവരെ സുഖിപ്പിക്കുന്നതുമായ പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒഴിഞ്ഞുമാറണമെന്ന് വേണുഗോപാൽ വ്യക്തമാക്കി.
ഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ രൂക്ഷമായ ഭാഷയിൽ പരസ്യ താക്കീതുമായി എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് സന്തോഷം നൽകുന്നതും അവരെ സുഖിപ്പിക്കുന്നതുമായ പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒഴിഞ്ഞുമാറണമെന്ന് വേണുഗോപാൽ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ജെൻസീ വിദ്യാർത്ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂർ നടത്തിയ വിവാദ പ്രസ്താവനയോട് മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയിൽ നടന്ന സംവാദ പരിപാടിയിലാണ് വിപ്ലവാത്മകമായ പ്രസ്താവനയുമായി തരൂർ രംഗത്തെത്തിയത്. ‘ജെൻസീ’കളുടെ പ്രശ്നങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ സി.ജെ.പി വിജയിച്ചെന്നും എന്നാൽ കോൺഗ്രസിന് അതിന് സാധിച്ചില്ലെന്നുമായിരുന്നു തരൂരിന്റെ വിമർശനം. രാഹുൽ ഗാന്ധി വിഷയങ്ങൾ ഏറ്റെടുത്തെങ്കിലും അത് സി.ജെ.പിയെ പോലെ ഫലപ്രദമായില്ലെന്നും, ചെറുപ്പക്കാരുടെ ശബ്ദം കേട്ടില്ലെങ്കിൽ മുഖ്യധാര പ്രസ്ഥാനങ്ങൾ അപ്രസക്തമാകുമെന്നും തരൂർ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കി തരൂർ പിന്നീട് വിശദീകരണവുമായി രംഗത്തെത്തി.
എന്നാൽ തരൂരിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയ മാധ്യമങ്ങൾക്ക് മുന്നിൽ കടുത്ത ഭാഷയിലാണ് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. ജെൻസീ പ്രതിഷേധങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയ സജീവ ഇടപെടലുകളും അലഹബാദിലെ പരിപാടികളും ചൂണ്ടിക്കാട്ടിയ വേണുഗോപാൽ, വിദ്യാർത്ഥികൾക്ക് നേരെ പെല്ലെറ്റ് ഗൺ ഉപയോഗിച്ച് നടത്തിയ ആക്രമണം പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചത് രാഹുലാണെന്ന് ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്തതും യുവാക്കൾക്ക് വേണ്ടിയാണെന്നും ഇതൊന്നും കാണാൻ തരൂർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വേണുഗോപാൽ തുറന്നടിച്ചു.
പാർട്ടി അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്നില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ ബിജെപിക്ക് അനുകൂലമാകുന്ന പ്രസ്താവനകൾ നടത്തരുതെന്ന് വേണുഗോപാൽ മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധിയെ രണ്ടു കുറ്റം പറഞ്ഞാൽ ബിജെപിക്ക് വലിയ സന്തോഷമാകും. രാഹുലിനെ മോശമായി ചിത്രീകരിക്കുക എന്നത് ബിജെപിയുടെ പ്രധാന അജണ്ടയാണെന്നും, അത്തരം കെണിയിൽ വീണുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും അറിഞ്ഞുകൊണ്ട് തരൂർ പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് താൻ കരുതുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ഇതോടൊപ്പം പാർലമെന്റിൽ എത്താതിരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും വേണുഗോപാൽ കടുത്ത വിമർശനമുന്നയിച്ചു. വിദ്യാർത്ഥികൾക്ക് നേരെ പെല്ലെറ്റ് ഗൺ ഉപയോഗിക്കാൻ ആരാണ് ഉത്തരവിട്ടതെന്ന് വ്യക്തമാക്കാൻ അമിത് ഷാ തയ്യാറാകണമെന്നും, ഒളിച്ചോടാതെ സഭയിൽ വന്ന് മറുപടി പറയുന്നത് വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, രാജ്യത്തെ മണ്ഡല പുനഃക്രമീകരണ വിഷയം സർവ്വകക്ഷിയോഗം വിളിച്ച് സമഗ്രമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് തള്ളിക്കളയരുതെന്നും വേണുഗോപാൽ ഓർമ്മിപ്പിച്ചു.