അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ മൗനം അത്ഭുതം: കെ.സി.വേണുഗോപാല്‍ എംപി
അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അത്ഭുതം ഉണ്ടാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അത്ഭുതം ഉണ്ടാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് അമിത് ഷായെ പേടിയാണോ? അതോ, അമിത് ഷായുടെ പരാമര്‍ശത്തെ മുഖ്യമന്ത്രി ശരിവെയ്ക്കുന്നോ? സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നും ശക്തമായി പ്രതികരണം ഉണ്ടാകുന്നില്ല. അവര്‍ക്ക് ആളുകളുടെ വഴി തടയാനാണ് താല്‍പ്പര്യമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതില്‍ എന്താണ് തെറ്റാണെന്ന് ചോദിച്ച വേണുഗോപാല്‍ സമുദായിക സംഘടനകളെ ചേര്‍ത്ത് പിടിക്കുന്ന രീതിയാണ് കോണ്‍ഗ്രസിന്റെതെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ വിവിധ ചേരിയുണ്ടെന്നത് മാധ്യമ സൃഷ്ടിമാത്രമാണ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ സമാധാനകാലമാണ്. ഐക്യത്തോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. 2026 ല്‍ കേരളത്തില്‍ അധികാരത്തില്‍ എത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും വേണുഗോപാല്‍ പറഞ്ഞു.
അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനവും ജില്ലാ കളക്ടര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ട് പരാതിയും നല്‍കും. കൂടാതെ അംബേദ്കറെ അവഹേളിച്ച ബിജെപിയുടെ നടപടിക്കെതിരെ ജയ് ഭീം ജയ് സംവിധാനം എന്ന മുദ്രാവാക്യം ഉയര്‍ത്തി റിപ്പബ്ലിക് ദിനം വരെയുള്ള ദിവസങ്ങളില്‍ എഐസിസിയുടെ നേതൃത്വത്തില്‍ പ്രചരണം നടത്തും.
അമിത് ഷാ നടത്തിയ പരാമര്‍ശം തിരുത്താന്‍ തയ്യാറാകുന്നില്ല. അത് ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 26,27 ന് ബെല്‍ഗാമില്‍ വെച്ച് ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷിക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.