ശോഭാ സുരേന്ദ്രനെതിരെനടപടി ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എംപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

 പാലക്കാട്  വോട്ടർമാർക്ക് പണം വിതരണം ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് എ ഐ സി സി ജനറൽ  സെക്രട്ടറി കെ സി വേണുഗോപാൽ

 

 പാലക്കാട്  വോട്ടർമാർക്ക് പണം വിതരണം ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് എ ഐ സി സി ജനറൽ  സെക്രട്ടറി കെ സി വേണുഗോപാൽ എം പി കത്തുനൽകി. ഇതേ  വിഷയത്തിൽ അന്വേഷിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എഐസിസി നിയമ വിഭാഗം സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതിയും നൽകി.

വോട്ടെടുപ്പിനു തൊട്ടുതലേന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കിയ ശോഭ സുരേന്ദ്രന്റെ നടപടി ജനപ്രാതിനിധ്യ നിയമത്തിന്റെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനവും ഭാരതീയ ന്യായസംഹിത പ്രകാരം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റകൃത്യവുമാണെന്ന് പരാതിയില്‍ കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 


ശോഭ സുരേന്ദ്രനെ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യയാക്കുന്നതിനു പുറമേ, ക്രിമിനല്‍ കുറ്റത്തിന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ശോഭ സുരേന്ദ്രനും സംഘവും പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിന്റെ വീഡിയോ ദൃശ്യവും അതു സംബന്ധിച്ച മാധ്യമവാര്‍ത്തകളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.


വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് അധാര്‍മികവും അഴിമതിയും തിരഞ്ഞെടുപ്പു ചട്ടപ്രകാരമുള്ള ഏറ്റവും ഗൗരവമേറിയ കുറ്റകൃത്യവുമാണെന്ന് പരാതിയില്‍ പറയുന്നു.

ഏതെങ്കിലും സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ഥിയുടെ ഏജന്റോ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 123 പ്രകാരവും, 2023ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 170 പ്രകാരവും തിരഞ്ഞെടുപ്പ്് അഴിമതിയുടെ പരിധിയില്‍ വരുമെന്നും, കുറ്റക്കാര്‍ രാജ്യത്തെ ക്രിമിനല്‍ ശിക്ഷാനടപടികള്‍ക്കു വിധേയരാകേണ്ടതാണെന്നും കെ.സി.വേണുഗോപാല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.