തൃശൂര്‍ വാഹനാപകടം: രണ്ടുപേരും വാഹനമോടിച്ച സമയം മുഴുവന്‍ മദ്യപിക്കുകയായിരുന്നു, ഡ്രൈവറുടെ ലൈസന്‍സും വണ്ടിയുടെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍
തൃശൂര്‍ : തൃശൂര്‍ തൃപയാറില്‍ നടന്ന അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവര്‍ അല്ല, ക്ലീനര്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ക്ലീനര്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ല. അലക്സ്, ജോസ് എന്നിങ്ങനെ കണ്ണൂര്‍ സ്വദേശികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ട് പേരും ഇപ്പൊഴും മദ്യ ലഹരിയിലാണ്. രണ്ടുപേരും വാഹനമോടിച്ച സമയം മുഴുവന്‍ മദ്യപിക്കുകയായിരുന്നു.
ദൗര്‍ഭാഗ്യകരമായ സംഭവമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കരുതിക്കൂട്ടിയുള്ള നരഹത്യ എന്ന് തന്നെ പറയാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡ് ബ്ലോക്ക് ചെയ്ത ബാരിക്കേഡ് തകര്‍ത്തുകൊണ്ടാണ് മദ്യപിച്ചയാള്‍ വണ്ടിയോടിച്ചു കയറുന്നത്. രണ്ട് പിഞ്ചു കുഞ്ഞുങ്ങളടക്കം, ഉറങ്ങിക്കിടന്നവരുടെ മുകളില്‍ക്കൂടിയാണ് വണ്ടി കയറിപ്പോയത് ഗണേഷ് കുമാര്‍ പറഞ്ഞു. വണ്ടി നിര്‍ത്താതെ വിട്ടുപോകാനായിരുന്നു ശ്രമമെന്നും നാട്ടുകാരാണ് പിടിച്ചു നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സൈഡില്‍ കിടന്നുറങ്ങരുതെന്നും ഇങ്ങനെ കിടക്കുന്നവരുണ്ടെങ്കില്‍ മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവരോട് പൊലീസ് മാറാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരമെന്നും മന്ത്രി പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിംഗാണ്. വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. അപകടത്തില്‍പ്പെട്ടവര്‍ക്കായി ചെയ്യാന്‍ പറ്റുന്ന സഹായം മുഖ്യമന്ത്രിയുമായി ആലോചിക്കും. തുടക്കത്തില്‍ തന്നെ മദ്യപിച്ച് വണ്ടി ഓടിച്ചത്. മുഴുവന്‍ ക്യാമറകളും പരിശോധിക്കും ഗണേഷ് കുമാര്‍ വ്യക്തമാക്കി.തൃശൂര്‍ പാലക്കാട് ഭാഗങ്ങളിലുള്ള ട്രാഫിക്ക് ലംഘനങ്ങളും മദ്യപിച്ചുള്ള വാഹനമോടിക്കല്‍ പോലുള്ളവയും പരിശോധിക്കാന്‍ രാത്രികാലങ്ങളില്‍ പരിശോധന നടത്താനുള്ള തീരുമാനം ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എടുത്തിരുന്നു. അത് അടുത്തയാഴ്ചയോടെ വ്യാപകമായി നിലവില്‍ വരും.