കായംകുളം വൈദ്യുതി കരാർ മൂന്നു വർഷം കൂടി നീട്ടി  

 എൻ.ടി.പി.സിയുടെ കായംകുളം താപ വൈദ്യുതി നിലയത്തിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ മൂന്നു വർഷം കൂടി നീട്ടാൻ സംസ്ഥാന റഗുലേറ്ററി കമീഷൻ അംഗീകാരം നൽകി. നിലവിലെ കാലാവധി അവസാനിച്ച 2025 മാർച്ച് ഒന്ന് മുതൽ 2028 ഫെബ്രുവരി 29 വരെയാണ് അനുമതി. വ്യവസ്ഥ പ്രകാരം പ്രതിവർഷം 100 കോടി രൂപ ഫിക്സഡ് ചാർജായി കെ.എസ്.ഇ.ബി എൻ.ടി.പി.സിക്ക് നൽകണം.

 

 തിരുവനന്തപുരം : എൻ.ടി.പി.സിയുടെ കായംകുളം താപ വൈദ്യുതി നിലയത്തിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ മൂന്നു വർഷം കൂടി നീട്ടാൻ സംസ്ഥാന റഗുലേറ്ററി കമീഷൻ അംഗീകാരം നൽകി. നിലവിലെ കാലാവധി അവസാനിച്ച 2025 മാർച്ച് ഒന്ന് മുതൽ 2028 ഫെബ്രുവരി 29 വരെയാണ് അനുമതി. വ്യവസ്ഥ പ്രകാരം പ്രതിവർഷം 100 കോടി രൂപ ഫിക്സഡ് ചാർജായി കെ.എസ്.ഇ.ബി എൻ.ടി.പി.സിക്ക് നൽകണം.

അഞ്ച് ഉപാധികളോടെയാണ് വൈദ്യുതി വാങ്ങൽ കരാർ നീട്ടാൻ കമീഷൻ അനുമതി നൽകിയത്. കായംകുളം കരാർ നീട്ടിയില്ലെങ്കിൽ കുറഞ്ഞ വിലക്ക് താൾച്ചർ-രണ്ട് നിലയത്തിൽനിന്ന് നൽകുന്ന 180 മെഗാവാട്ട് അധിക വൈദ്യുതി വിഹിതം നിർത്തുമെന്ന് എൻ.ടി.പി.സി നിലപാടെടുത്തിരുന്നു. ഇത് പാടില്ലെന്നും 180 മെഗാവാട്ട് പ്രത്യേകം അനുവദിക്കുന്നത് തുടരണമെന്നും കമീഷൻ നിദേശിച്ചു. വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലക്ക് നൽകുന്ന ഈ വൈദ്യുതി വഴി 450 കോടിയുടെ മെച്ചം കെ.എസ്.ഇ.ബിക്ക് ലഭിക്കുന്നുണ്ടെന്ന് എൻ.ടി.പി.സി വ്യക്തമാക്കുന്നു.

താൾച്ചറിൽ നിന്നടക്കം കേരളത്തിന് നൽകുന്ന പ്രത്യേക അധിക വിഹിതം 180ൽനിന്ന് 300 മെഗാവാട്ടായി ഉയർത്തണമെന്ന നിർദേശത്തിൽ പരമാവധി ശ്രമിക്കാമെന്നാണ് എൻ.ടി.പി.സി കമീഷനെ അറിയിച്ചത്. അഞ്ച് വർഷത്തേക്ക് കായംകുളം കരാർ നീട്ടാനാണ് എൻ.ടി.പി.സി ആവശ്യപ്പെട്ടതെങ്കിലും മൂന്നുവർഷത്തേക്കാണ് നീട്ടിയത്. ഉയർന്ന വില മൂലം 2015 മുതൽ കായംകുളം വൈദ്യുതി സംസ്ഥാനം വാങ്ങുന്നില്ല. അതേസമയം, ഫിക്സഡ് ചാർജ് നൽകുകയും ചെയ്യുന്നു.

എൻ.ടി.പി.സി നേരിട്ടോ സംയുക്ത സംരംഭമായോ 500 മെഗാവാട്ട്/ 2000 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം കായംകുളത്ത് സജ്ജീകരിക്കാൻ റഗുലേറ്ററി കമീഷൻ നിർദേശിച്ചു. വൈദ്യുതി ബോർഡിന്‍റെ അണക്കെട്ടുകളിൽ ബോർഡും എൻ.ടി.പി.സിയും സംയുക്തമായി സോളാർ പദ്ധതികൾ നടപ്പാക്കണം. കായംകുളം വൈദ്യുതി നിലയം ചകിരിച്ചോറോ ജൈവാവശിഷ്ടങ്ങളോ അഴുകുന്നതിൽനിന്ന് ഉണ്ടാകുന്ന വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പദ്ധതിയാക്കി മാറ്റാൻ കെ.എസ്.ഇ.ബിയും എൻ.ടി.പി.സിയും സംയുക്തമായി ശ്രമിക്കാനും കമീഷൻ നിർദേശിച്ചു.

എൻ.ടി.പി.സിയും ഗ്രീൻ എനർജി ലിമിറ്റഡും കെ.എസ്.ഇ.ബിയും തമ്മിൽ സപ്ലിമെന്‍ററി വൈദ്യുതി വാങ്ങൽ സംബന്ധിച്ച കരട് ധാരണാപത്രം കമീഷൻ അംഗീകരിച്ചു. പദ്ധതികളുടെ ഏകോപനത്തിന് മുഴുവൻ സമയ ഡയറക്ടർമാരെ കെ.എസ്.ഇ.ബി ചുമതലപ്പെടുത്തണം. ഒരുമാസത്തിനകം ധാരണാപത്രവും സപ്ലിമെന്‍ററി കരാറും ഒപ്പിട്ട് റഗുലേറ്ററി കമീഷനെ അറിയിക്കണം. മഹാരഷ്ട്രയിലെ സിന്നാറിൽനിന്ന് 540 മെഗാവാട്ട് ലഭ്യമാക്കാൻ തുടർനടപടി വേഗത്തിലാക്കാൻ കമീഷൻ നിദേശിച്ചു. ഒന്നും രണ്ടും ഘട്ടത്തിൽനിന്ന് ഈ വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാക്കാൻ കെ.എസ്.ഇ.ബിയും എൻ.ടി.പി.സിയും നടപടിയെടുക്കണം.