കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം

 

തിരുവനന്തപുരം : കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ മക്കളുടെ മുന്നിലിട്ട് മർദ്ദിച്ച സംഭവത്തിൽ, പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രം. പെൺകുട്ടിയെ തള്ളി മാറ്റിയതും കേസെടുത്തിട്ടില്ല. ദൃക്സാക്ഷിയായ കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. മകളുടെ കൺസഷൻ കാർഡ് പുതുക്കാനെത്തിയപ്പോഴാണ് കെ എസ് ആർ ടി സി ഡിപ്പോയിൽ വച്ച് അച്ഛൻ പ്രേമനനെ ജീവനക്കാർ സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.  

സിഐടിയുഭാരവാഹികളായ  ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍,സുരേഷ് കുമാര്‍, കണ്ടക്ടര്‍ എൻ.അനിൽ കുമാര്‍, ഐഎൻടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്‍റ് സി.പിയുമായ മിലൻ ഡോറിച്ച്  എന്നിവരെ അന്വേഷണവിധേയരായി സസ്പെൻ‍ഡ് ചെയ്തിട്ടുമുണ്ട്.