കാട്ടാക്കടയിലെ കുഞ്ഞിന്റെ മരണ‍ം കൊലപാതകമെന്ന് സ്ഥിരീകരണം ; ഷംന പോലീസ് നിരീക്ഷണത്തിൽ

  കാട്ടാക്കട പുഴനാട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ മരണം ശ്വാസംമുട്ടിയാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മാതാവ് ഷംനക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കേസെടുക്കും. നിലവിൽ അമിത രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ് ഷംന.

 

 തിരുവനന്തപുരം : കാട്ടാക്കട പുഴനാട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ മരണം ശ്വാസംമുട്ടിയാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മാതാവ് ഷംനക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കേസെടുക്കും. നിലവിൽ അമിത രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ് ഷംന.

കഴിഞ്ഞ ദിവസമാണ് വീട്ടിൽ വെച്ച് ഷംന കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യങ്കോട് പോലീസ് നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നുവെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.

ഭർത്താവ് അൽത്താഫ് വീട്ടിലില്ലാത്ത സമയത്താണ് പ്രസവം നടന്നത്. ഷംന ഗർഭിണിയാണെന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് അൽത്താഫ് പോലീസിന് നൽകിയ മൊഴി. ഭാര്യക്ക് വയറുവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോകാൻ അൽത്താഫ് ഓട്ടോറിക്ഷ വിളിക്കാൻ പോയ സമയത്താണ് ഷംന കുഞ്ഞിന് ജന്മം നൽകിയത്. അൽത്താഫ് തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഷംനയെയും മരിച്ച നിലയിലുള്ള കുഞ്ഞിനെയുമാണ് കണ്ടത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ ദുരൂഹതയുണർത്തി. ചികിത്സയിലുള്ള ഷംനയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പോലീസ് വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കും.