പബ്ലിക് പ്രോസിക്യൂട്ടർ നിയമനപ്പട്ടികയെച്ചൊല്ലി കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി; പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

ജില്ലയിലെ വിവിധ കോടതികളിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരെയും ഗവൺമെന്റ് പ്ലീഡർമാരെയും നിയമിച്ചുകൊണ്ട് നിയമവകുപ്പ് പുറത്തിറക്കിയ പട്ടികയെച്ചൊല്ലി കാസർകോട് കോൺഗ്രസിൽ രൂക്ഷമായ ഭിന്നത. ജില്ലാ കോൺഗ്രസ് കമ്മിറ്റിയും (ഡിസിസി) ലോയേഴ്സ് കോൺഗ്രസ് നേതൃത്വവും ശുപാർശ ചെയ്ത ആരെയും പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി

 

കാസർകോട്: ജില്ലയിലെ വിവിധ കോടതികളിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരെയും ഗവൺമെന്റ് പ്ലീഡർമാരെയും നിയമിച്ചുകൊണ്ട് നിയമവകുപ്പ് പുറത്തിറക്കിയ പട്ടികയെച്ചൊല്ലി കാസർകോട് കോൺഗ്രസിൽ രൂക്ഷമായ ഭിന്നത. ജില്ലാ കോൺഗ്രസ് കമ്മിറ്റിയും (ഡിസിസി) ലോയേഴ്സ് കോൺഗ്രസ് നേതൃത്വവും ശുപാർശ ചെയ്ത ആരെയും പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) അംഗമായ അഡ്വ. എ. വിദ്യാധരൻ നമ്പ്യാരെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് യുവജന വിഭാഗത്തിന്റെ പ്രതിഷേധം ശക്തമാകാൻ കാരണം.

അടുത്തിടെ പുറത്തിറക്കിയ നിയമന പട്ടിക അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിനും മുഖ്യമന്ത്രി വി.ഡി. സതീശനും പരാതി നൽകി. ഡിസിസി ശുപാർശ ചെയ്ത സ്ഥാനാർത്ഥികളെ പൂർണ്ണമായും അവഗണിച്ചത് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിന് ഇടയാക്കിയതായി പരാതിയിൽ വ്യക്തമാക്കുന്നു. കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി ശ്രീജിത്ത് മാടക്കൽ, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിജു കൃഷ്ണ, യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജകമണ്ഡലം പ്രസിഡന്റ് സുധാകർ റായ്, യൂത്ത് കോൺഗ്രസ് പിലിക്കോട് മണ്ഡലം മുൻ പ്രസിഡന്റ് ശ്യാം കുമാർ എന്നിവരെയാണ് തഴഞ്ഞതെന്നാണ് പ്രധാന ആരോപണം.

കൂടിയാലോചനകളില്ലാതെ പട്ടിക തയ്യാറാക്കിയതിനാൽ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് പരിഗണിക്കേണ്ടിയിരുന്നവരെ അഡീഷണൽ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും, ഇത് അർഹരായ രണ്ട് പേരുടെ അവസരം നഷ്ടപ്പെടുത്തിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പട്ടികയിൽ ഉൾപ്പെട്ട ഒരാൾ സിപിഎം അനുകൂല അഭിഭാഷക സംഘടനാംഗമാണെന്നും മറ്റൊരാൾ പാലക്കാട് സ്വദേശിയാണെന്നും പരാതിയിലുണ്ട്. കൂടാതെ, നിയമനം ലഭിച്ചവരിൽ രണ്ട് പേർ ഗൾഫിലായിരുന്നെന്നും നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയതെന്നും, നിയമിക്കപ്പെട്ട ആരും തന്നെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ലെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു