കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കോടതിയില്‍ ഹാജരായി ജാമ്യമെടുത്ത് സിപിഐഎം നേതാക്കള്‍

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം നേതാക്കള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. കെ രാധാകൃഷ്ണന്‍ എംപി, എ സി മൊയ്തീന്‍ എംഎല്‍എ, എം എം വര്‍ഗീസ് അടക്കം എട്ട് പ്രതികളാണ് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തത്

 



കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം നേതാക്കള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. കെ രാധാകൃഷ്ണന്‍ എംപി, എ സി മൊയ്തീന്‍ എംഎല്‍എ, എം എം വര്‍ഗീസ് അടക്കം എട്ട് പ്രതികളാണ് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തത്. കേസില്‍ സിപിഐഎം 68ാം പ്രതിയാണ്. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ആരും ഇന്ന് കോടതിയില്‍ ഹാജരായില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ഈ മാസം 21ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

ഇന്ന് ഹാജരാകാത്ത മറ്റ് 19 പ്രതികളും 21ന് ഹാജരാകണം. കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചശേഷം പ്രതികള്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കും. നേരത്തെ നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് വിലയിരുത്തിയ കോടതി വിചാരണ നേരിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ ഇഡി സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി 83 പ്രതികള്‍ ആണുള്ളത്. തെറ്റ് ചെയ്തത് കൊണ്ടല്ല സിപിഐഎം കാരായത് കൊണ്ടാണ് കേസില്‍ ഇഡി പ്രതി ചേര്‍ത്തതെന്ന് കെ രാധാകൃഷ്ണന്‍ എംപി ആരോപിച്ചു.