2001-ലെ തെരഞ്ഞെടുപ്പിൽ പത്മജയെ മത്സരിപ്പിക്കാൻ കരുണാകരൻ ആഗ്രഹിച്ചു, എന്നാൽ സോണിയ പേര് വെട്ടി ; തുറന്നുപറഞ്ഞ് കെ വി തോമസ്

 കെ കരുണാകരൻ - സോണിയാ ഗാന്ധി അകൽച്ചയുടെ കാരണം തുറന്ന് പറഞ്ഞ് കെ വി തോമസ്. 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിലാണ് കെ വി തോമസ് ഇക്കാര്യം പരാമർശിക്കുന്നത്. 2001-ലെ തെരഞ്ഞെടുപ്പിൽ പത്മജയെ മത്സരിപ്പിക്കാൻ കരുണാകരൻ ആഗ്രഹിച്ചു. എന്നാൽ സോണിയ ഗാന്ധി അതിന് താൽപര്യമെടുത്തില്ല. സോണിയ പേര് വെട്ടിയതോടെ ചർച്ചകളിൽ നിന്ന് കരുണാകരൻ ഇറങ്ങിപ്പോയെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.
 

 കൊച്ചി : കെ കരുണാകരൻ - സോണിയാ ഗാന്ധി അകൽച്ചയുടെ കാരണം തുറന്ന് പറഞ്ഞ് കെ വി തോമസ്. 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിലാണ് കെ വി തോമസ് ഇക്കാര്യം പരാമർശിക്കുന്നത്. 2001-ലെ തെരഞ്ഞെടുപ്പിൽ പത്മജയെ മത്സരിപ്പിക്കാൻ കരുണാകരൻ ആഗ്രഹിച്ചു. എന്നാൽ സോണിയ ഗാന്ധി അതിന് താൽപര്യമെടുത്തില്ല. സോണിയ പേര് വെട്ടിയതോടെ ചർച്ചകളിൽ നിന്ന് കരുണാകരൻ ഇറങ്ങിപ്പോയെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.

പത്മജയുടെ കാര്യം സോണിയ ഗാന്ധിയോട് സംസാരിച്ചപ്പോൾ അവർ കയർത്തു. പുറം വാതിലിലൂടെ നീക്കം നടത്തുന്നത് എന്തിനെന്ന് ചോദിച്ചുവെന്നും ഇതോടെയാണ് ലീഡറും സോണിയാ ഗാന്ധിയും തമ്മിലുള്ള അകലം വലുതായതെന്നും കെ വി തോമസ് കുറിച്ചു.

'സ്ഥാനാർത്ഥി നിർണയത്തിൽ പത്മജയുടെ പേര് ഇല്ലാത്തതുകൊണ്ടു തന്നെ പല പ്രാവശ്യം ചർച്ചയിൽ നിന്ന് ലീഡർ ഇറങ്ങിപ്പോയി. ചർച്ച വഴിമുട്ടിയപ്പോൾ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാക്കളായിരുന്ന ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ തുടങ്ങിയവർ എന്നോട് പ്രശ്‌നപരിഹാരത്തിന് മുൻകൈയെടുക്കണമെന്ന് നിർദ്ദേശിച്ചു. പത്മജയുടെ കാര്യം ഞാൻ സോണിയാജിയോട് സംസാരിച്ചപ്പോൾ, അവർ എന്നോട് കയർത്തു. 

'തോമസിന്റെ സാന്നിധ്യത്തിൽ പത്മജയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അവർ കുടുംബിനിയാണെന്നല്ലേ അന്ന് കരുണാകരൻ പറഞ്ഞത്. പിന്നെന്തിനാണ് ഇപ്പോൾ പുറംവാതിലിലൂടെ നീക്കം നടത്തുന്നത്. ഇക്കാര്യത്തിലാണ് ലീഡറും സോണിയാ ഗാന്ധിയും തമ്മിൽ വലുതായി അകലുന്നത്', കെ വി തോമസ് തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നു.