കരുനാഗപ്പള്ളിയിൽ നിന്ന് ശനിയാഴ്ച കാണാതായ ഏഴാം ക്ലാസുകാരൻ്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി

 

 കൊല്ലം : കരുനാഗപ്പള്ളിയിൽ നിന്ന് ശനിയാഴ്ച വൈകിട്ടോടെ കാണാതായ 12 വയസ്സുകാരൻ ബിലാലിന്റെ മൃതദേഹം കന്നേറ്റി കായലിലെ കൊതുമുക്ക് പാലത്തിനടിയിൽ നിന്ന് കണ്ടെത്തി. പട സൗത്ത് സ്വദേശി നൗഷാദിന്റെ മകനും കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ് മരിച്ച ബിലാൽ. കൂട്ടുകാരനൊപ്പം കളിക്കാനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടി സന്ധ്യയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കായൽക്കരയിൽ നിന്ന് ബിലാലിന്റെ സൈക്കിളും ജേഴ്സിയും കണ്ടെത്തിയത്. തുടർന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ബിലാലും സുഹൃത്തും സൈക്കിളിൽ പോകുന്നതായി വ്യക്തമായതോടെയാണ് കുട്ടി കായലിൽ അകപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തിൽ തെരച്ചിൽ ആരംഭിച്ചത്.

എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ കായലിൽ നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്താനായത്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.